Timely news thodupuzha

logo

ദേശീയപാത നവീകരണം; തീരുമാനങ്ങൾ അട്ടിമറിച്ചതായി ആരോപണം

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത നവീകരണ നിർമാണവുമായി ബന്ധപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫീസിൽ നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ അട്ടിമറിച്ചതായി കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി.

പുറമ്പോക്ക് പൂർണമായും ഒഴിപ്പിച്ച് ദേശീയപാത നവീകരണത്തിന് ഉപയോഗപ്പെടുത്തണമെന്ന് യോഗത്തിൽ രേഖാമൂലം കത്ത് നൽകിയിരുന്നു. ഇത് അംഗീകരിക്കുമെന്ന് യോഗം തീരുമാനിച്ചതായി ചെയർമാൻ പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങളല്ല ഇപ്പോൾ നടപ്പാക്കുന്നത്.

നിലവിലെ സൗകര്യങ്ങൾ ഇല്ലാതാക്കുന്നതാണ് നിർമാണപ്രവർത്തനങ്ങളെന്നും വിഷയത്തിൽ ഡീൻ കുര്യാക്കോസ് എംപി അടിയന്തരമായി ഇടപെടണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.

പുറമ്പോക്ക് ഒഴിപ്പിച്ച് ദേശീയപാത നവീകരിക്കുന്ന പദ്ധതിയാണ് കരാറുകാരുമായി ഒത്തുകളിച്ച് അട്ടിമറിച്ചത്. കല്ലിട്ട്‌ തിരിച്ച ഭാഗത്തുനിന്ന് ഒന്നരമുതൽ മൂന്നുമീറ്റർവരെ മാറിയാണ് ഇപ്പോൾ നിർമാണം നടക്കുന്നത്.

ടാറിങ്ങിനോട് ചേർന്ന് ഇരുവശത്തും ഓട നിർമിക്കുന്നത് നിലവിലെ റോഡിന്റെ വീതി ഇല്ലാതാക്കുമെന്നും എംപിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്നും ചെയർമാൻ പറഞ്ഞു.

നിർമാണം പൂർത്തിയാക്കുമ്പോൾ കാൽനടയാത്രയും പാർക്കിങ്ങും ബസ് ബേ സൗകര്യമുൾപ്പെടെ ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകുമെന്നും പഴയ ഓട പുനർനിർമിച്ച് ദീർഘവീക്ഷണത്തോടെ ദേശീയപാത നവീകരണം നടപ്പാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *