കോട്ടയം: ചിങ്ങവനത്തിന് സമീപം പാക്കിൽ പവർഹൗസ് റോഡിൽ വച്ച് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വിദ്യാർഥി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ ബസ് പൊലീസ് പിടിച്ചെടുത്തു. കോട്ടയം – കൈനടി റൂട്ടിൽ സർവീസ് നടത്തുന്ന ചിപ്പി എന്ന സ്വകാര്യ ബസാണ് പൊലീസ് പിടിച്ചെടുത്തത്. പാക്കിൽ സ്വദേശി പുതുപ്പറമ്പിൽ ഷിനോയുടെ മകൻ 13കാരനായ പി.എസ് അഭിരാമിനാണ് പരിക്കേറ്റത്. പള്ളം ബുക്കാന സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിരാം.
ഓട്ടത്തിനിടെ ബസിന്‍റെ തുറന്നു കിടന്ന വാതിലിലൂടെ വിദ്യാർഥി റോഡിൽ തെറിച്ചു വീഴുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ നടന്ന സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഇടപെട്ടതോടെയാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്. ശനിയാഴ്ച ഉച്ചയോടെ പൊലീസ് എത്തി കുട്ടിയുടെയും പിതാവിന്റെയും മൊഴിയെടുത്തു. സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ആർടിഒ അറിയിച്ചിട്ടുണ്ട്.
ചിങ്ങവനത്തിന് സമീപം പാക്കിൽ വച്ചാണ് കുട്ടി ബസിൽ നിന്നും തെറിച്ചു വീണത്. മുഖത്ത് സാരമായി പരിക്കേറ്റ അഭിരാമിന് ഇപ്പോൾ ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. സംഭവം അറിഞ്ഞ് ശനിയാഴ്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനെ ഫോണിൽ വിളിച്ച അദ്ദേഹം വിഷയത്തിൽ
അടിയന്തരമായി ഇടപെടണമെന്നുംകുട്ടിയ്ക്കും കുടുംബത്തിനും വേണ്ടനിയമസഹായം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെയും പിതാവിന്റെയും മൊഴിയെടുത്തത്. ഇതിന് പിന്നാലെ അപകടമുണ്ടാക്കിയ സ്വകാര്യ ബസും പൊലീസ് പിടിച്ചെടുത്തു.