Timely news thodupuzha

logo

ക്ഷേത്രങ്ങളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്; വിശ്വാസി നൽകിയ ഹർജിയിൽ തമിഴ്‌നാട് ഹൈക്കോടതി വിധി

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ കൊടിമരത്തിനപ്പുറത്തേക്ക് അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന ബോർഡ് വയ്ക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സംസ്ഥാന സർക്കാരിനു നിർദേശം നൽകി.

ഹിന്ദുക്കൾക്കും അവരുടെ മതം പ്രചരിപ്പിക്കാനും പിന്തുടരാനും അവകാശമുണ്ടെന്നും, ക്ഷേത്രങ്ങൾ പിക്നിക് സ്പോട്ടുകളല്ലെന്നും കോടതി നിരീക്ഷിച്ചു.

അരുൾമികു പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും അതിന്‍റെ ഉപക്ഷേത്രങ്ങളിലും പ്രവേശനം ഹിന്ദുക്കൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡി. സെന്തിൽകുമാർ എന്നയാൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി. ശ്രീമതിയുടെ വിധി. തമിഴ്‌നാട് സർക്കാരും സംസ്ഥാന ടൂറിസം വകുപ്പും ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൽ എൻഡോവ്മെന്‍റ്സ് ഡിപ്പാർട്ട്മെന്‍റും (HR&CE) ഹർജിയിൽ എതിർ കക്ഷികളായിരുന്നു.

എച്ച്.ആർ & സി.ഇ വകുപ്പിനാണ് തമിഴ്‌നാട്ടിലെ ഹിന്ദു ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതല. കൊടിമരത്തിനപ്പുറത്തേക്ക് അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന ബോർഡ് എല്ലാ ക്ഷേത്രങ്ങളിലും സ്ഥാപിക്കണമെന്നും കോടതി നിർദേശം നൽകി.

ഹിന്ദുവല്ലാത്ത ആരെങ്കിലും ക്ഷേത്ര ദർശനത്തിന് അനുമതി തേടിയാൽ, മൂർത്തിയിൽ വിശ്വാസമുണ്ടെന്നും ഹിന്ദു മതത്തിന്‍റെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുമെന്നും എഴുതി വാങ്ങിയ ശേഷം മാത്രമേ അനുമതി നൽകാവൂ എന്നും കോടതി വിധിയിൽ വിശദമാക്കിയിട്ടുണ്ട്. ഇക്കാര്യം ക്ഷേത്രത്തിലെ രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം.

പളനിയിലെ ക്ഷേത്രത്തിന്‍റെ കാര്യത്തിൽ മാത്രമാണ് ആവശ്യമുന്നയിക്കുന്നതെന്നും മറ്റു ക്ഷേത്രങ്ങളുടെ കാര്യം പരിഗണിക്കേണ്ടതില്ലെന്നും ഹർജിക്കാർ വ്യക്തമാക്കിയെങ്കിലും, സംസ്ഥാനത്തെ എല്ലാ ഹിന്ദു ക്ഷേത്രങ്ങൾക്കും ബാധകമാകുന്ന രീതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *