ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബിഹാര്‍- ബംഗാള്‍ അതിര്‍ത്തിയിൽ വച്ച് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം. കല്ലേറിൽ കാറിന്റെ പിന്നിലെ ചില്ല് തകർന്നിട്ടുണ്ട്.
തുറന്ന കാറിന് നേരെയായിരുന്നു ആക്രമണം. രാഹുലിന്റെ യാത്ര തകര്‍ക്കാനും രാഹുലിനെ ആക്രമിക്കാനും ലക്ഷ്യമിട്ടായിരുന്നു കല്ലേറ് ഉണ്ടായതെന്നാണ് കോൺഗ്രെസിന്റെ ആരോപണം.
രാഹുലിന്റെ കാറിന് മാത്രമല്ല, മറ്റു നേതാക്കളുടെ കാറുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. രാഹുലിന്റെ കാറിന് നേരെ തുടര്‍ച്ചയായി കല്ലേറ് ഉണ്ടാവുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
രാഹുലിന് സുരക്ഷ ഒരുക്കേണ്ടത് ബംഗാള്‍ സര്‍ക്കാരാണ്. രാഹുലിന് സുരക്ഷ ഒരുക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, ആളുകൾ തിക്കിത്തിരക്കിയതാണ് കാറിന്‍റെ ഗ്ലാസ് പൊട്ടാൻ കാരണമെന്നും, ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് ഭാഷ്യം.
ബിഹാറിലെ കത്തിഹാറിൽനിന്ന് ബംഗാളിലെ മാൾഡയിലേക്ക് യാത്ര പ്രവേശിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഈ സമയം രാഹുൽ കാറിലുണ്ടായിരുന്നില്ല. ബസിനു മുകളിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു.
മാൾഡയിലെ ഇറിഗേഷൻ വകുപ്പ് ബംഗ്ലാവിൽ താമസിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ രാഹുൽ ഗാന്ധിക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് പുതുക്കിയ ഷെഡ്യൂൾ പ്രകാരമാണ് യാത്ര തുടരുന്നത്.