Timely news thodupuzha

logo

അതിഥി തൊഴിലാളികൾ അതിരുവിടുന്നു;കാർ കത്തിക്കാൻ ശ്രമം,കേസെടുക്കാതെ പോലീസ്

തൊടുപുഴ: വഴിയാത്രക്കാരന്റെ ദേഹത്ത് കാര്‍ തട്ടിയതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ചെത്തിയത് വന്‍ സംഘര്‍ഷത്തിനിടയാക്കി. പ്രകോപിതരായെത്തിയ ഇരുന്നൂറോളം വരുന്ന അതിഥി തൊഴിലാളികള്‍ മണ്ണെണ്ണയൊഴിച്ച് കാര്‍ കത്തിക്കാന്‍ ശ്രമിച്ചു. പോലീസിനൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അര മണിക്കൂറോളം സമയം നീണ്ട് നിന്ന സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയത്. വ്യാഴാഴ്ച രാത്രി 10 മണിയോടെകരിങ്കുന്നം ടൗണില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. ഇടുക്കി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ലോട്ടറി കടയിലിടിക്കുകയും തുടര്‍ന്ന് വഴി യാത്രക്കാരനായ അതിഥി തൊഴിലാളിയുടെ ദേഹത്ത് തട്ടുകയുമായിരുന്നു. പരിക്കേറ്റ അതിഥി തൊഴിലാളിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പ്രകോപിതരായി വാഹനത്തിലുണ്ടായിരുന്നവരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇത് വാഹനത്തിലുണ്ടായിരുന്നവര്‍ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ സമീപത്തെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള മറ്റ് തൊഴിലാളികളെ കൂടി അക്രമി സംഘം വിളിച്ച് വരുത്തി. മിനിട്ടുകള്‍ക്കുള്ളില്‍ ഇരുന്നൂറോളം അതിഥി തൊഴിലാളികള്‍ സ്ഥലത്ത് സംഘടിച്ചെത്തി. ഇത് കണ്ട് ഭയന്ന കാര്‍ യാത്രികര്‍ ഇറങ്ങി ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇതിനിടെ ലേബര്‍ ക്യാമ്പില്‍ നിന്നെത്തിയ തൊഴിലാളികള്‍ മണ്ണെണ്ണ ഒഴിച്ച് കാര്‍ കത്തിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ട് കരിങ്കുന്നം സ്റ്റേഷനില്‍ നിന്നും പോലീസ് ഓടിയെത്തിയെങ്കിലും അക്രമികളെ നിയന്ത്രിക്കാനായില്ല. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തുകയും ഒപ്പം നാട്ടുകാരും കൂടിയാണ് സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയത്. അര മണിക്കൂറോളം സംഘര്‍ഷാവസ്ഥ നീണ്ട് നിന്നതിനെ തുടര്‍ന്ന് തൊടുപുഴ – പാലാ റൂട്ടിലെ ഗതാഗതം തടസപ്പെടുകയും ചെയ്തു. കാറിന് മുകളില്‍ മണ്ണെണ്ണ ഒഴിച്ചെങ്കിലും തീയിടാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ അപകടത്തില്‍പ്പെട്ട അതിഥി തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ അക്രമം അഴിച്ച് വിടുന്നതിനായി മണ്ണെണ്ണ നിറച്ച കന്നാസുകളുമായി സംഘടിത സ്വഭാവത്തോടെ എത്തിയ അതിഥി തൊഴിലാളികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികളുള്ളത് കരിങ്കുന്നം പഞ്ചായത്തിലാണ്. കരിങ്കുന്നം ടൗണിനോട് ചേര്‍ന്ന് തന്നെയുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റുമായുള്ള ലേബര്‍ ക്യാമ്പില്‍ മാത്രം അഞ്ഞൂറിലധികം തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ചെറിയൊരു വാഹനാപകടമായിട്ട് കൂടി ഇത്തരത്തില്‍ അക്രമ സ്വഭാവത്തോടെ അതിഥി തൊഴിലാളികള്‍ സംഘടിച്ചെത്തിയത് നാട്ടുകാരെയും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെയും ആശങ്കാകുലരാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് കേസെടുക്കണമെന്നും തൊഴിലാളികളുടെ ഇടയില്‍ ക്രിമിനലുകള്‍ കടന്ന് കൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *