Timely news thodupuzha

logo

സിനിമ തുടക്കം മുതൽ കാണാൻ കഴിഞ്ഞില്ല, തിയറ്ററുടമ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമീഷൻ

മലപ്പുറം: തുടക്കം മുതൽ സിനിമ കാണാൻ അവസരം നിഷേധിച്ചതിന് തിയറ്ററുടമ പരാതിക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമീഷൻ വിധി.

പെരിന്തൽമണ്ണ പ്ലാസ തിയറ്ററിനെതിരെ ഏലംകുളം സ്വദേശികളായ ശരത്ത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖിൽ എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. കോടതി ചെലവിലേക്കായി 10,000 രൂപയും നൽകണം.

2023 എപ്രിൽ 30ന് രാത്രി ഏഴിനുള്ള ‘പൊന്നിയൻ സെൽവൻ 2′ കാണാനായി വൈകിട്ട് 6.45നാണ് പരാതിക്കാർ തിയറ്ററിലെത്തിയത്. തിയറ്റർ വൃത്തിയാക്കുകയാണെന്ന് അറിയിച്ച് 10 മിനിറ്റ് കഴിഞ്ഞാണ് ഇവരെ പ്രവേശിപ്പിച്ചത്.

എന്നാൽ ഏഴിനു തന്നെ പ്രദർശനം തുടങ്ങി. പ്രതിഷേധം അറിയിച്ചവരോട്‌ തിയറ്റർ അധികൃതർ മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.

രണ്ട് മിനിറ്റ് മാത്രമാണ് വൃത്തിയാക്കാനെടുത്തതെന്നും മഴ കാരണം പരാതിക്കാർ ഉൾപ്പെടെ ഓൺലൈനിൽ ബുക്ക്ചെയ്തവർ വൈകിയാണ്‌ എത്തിയതെന്നുമായിരുന്നു തിയറ്റർ അധികൃതരുടെ വാദം. സേവനത്തിലെ വീഴ്ചയാണ് തിയറ്റർ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കമീഷൻ വിധിച്ചു.

ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശയും നൽകണം. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മയിൽ എന്നിവർ അംഗങ്ങളുമായ കമീഷനാണ് ഉത്തരവിട്ടത്.

Leave a Comment

Your email address will not be published. Required fields are marked *