Timely news thodupuzha

logo

ഇടുക്കിയിലെ വന്യജീവി ആക്രമണം; കളക്ടറേറ്റിൽ യോ​ഗം ചേർന്നു

ഇടുക്കി: ജില്ലയിലെ വന്യജീവി ആക്രമണങ്ങളും അവ നേരിടുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും അനുബന്ധ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി കളക്ട്രേറ്റിൽ സര്‍വകക്ഷി യോഗം ചേർന്നു.

ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ എം.പി, എം.എൽ എ മാരും മറ്റ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.

ഇടുക്കി ജില്ലയിൽ വന്യമൃഗ ആക്രമണം തടയുന്നതിന് ആർ ആർ ടി ടീമാന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനൊപ്പം ടീമിനെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടിയും , നിലവിലുള്ള രണ്ട് സ്പെഷ്യൽ ടീമുകളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയും ഉടൻ സ്വീകരിക്കുമെന്നും,
വന്യമൃഗാക്രമണത്തിൽ മരണപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും ആശ്രിതർക്കും വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും താമസം കൂടാതെ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ വനം വകുപ്പ്, ആർ ആർ ടി – ടീമുകൾക്ക് ആവശ്യമായ വാഹനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെ നൽകും. ഇടുക്കി ജില്ലയുടെ വന അതിർത്തികളിൽ എത്ര കിലോമീറ്റർ പെൻസിംഗ് ആവശ്യമുണ്ടെന്ന് കണ്ടെത്തി ഘട്ടംഘട്ടമായി നിർമ്മാണം പൂർത്തിയാക്കും. പഞ്ചായത്തുകൾ
പെൻസിംഗിൻ്റെ അറ്റകുറ്റപണികൾക്കായിതുക വകയിരുത്തണം. കൂടാതെ എംപി, എംഎൽഎ ഫണ്ടുകളും വിനിയോഗിക്കും.

വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും ലഭ്യമാക്കുമെന്നും വിവിധ കക്ഷി നേതാക്കളും ജനപ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുവാനും യോഗത്തിൽ തീരുമാനമുണ്ടായി.

യോഗത്തിൽ എംഎൽഎമാരായ വാഴൂർ സോമൻ, അഡ്വ. എ രാജ, എം എം മണി, എം.പി അഡ്വ. ഡീൻ കുര്യാക്കോസ്,ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെടി ബിനു, എസ് പി റ്റി കെ വിഷ്ണു പ്രദീപ്, സബ്ബ് കളക്ടർ ഡോ. അരുൺ എസ് നായർ തുടങ്ങിയവരും വനം – റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *