Timely news thodupuzha

logo

പൗരത്വ ഭേദഗതി നിയമം അസാധുവാക്കാൻ 
ശ്രമം തുടരുമെന്ന് സി.പി.ഐ(എം)

ന്യൂഡൽഹി: സി.എ.എയുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തതിൽ സി.പി.ഐ(എം) പൊളിറ്റ്‌ ബ്യൂറോ ശക്തിയായ എതിർപ്പ്‌ പ്രകടിപ്പിച്ചു. ദ്രോഹകരമായ ഈ നിയമം അസാധുവാക്കാനുള്ള ശ്രമങ്ങൾ സി.പി.ഐ(എം) തുടരും.

പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരത്വത്തിന്റെ അടിസ്ഥാനം മതനിരപേക്ഷത ആയിരിക്കണമെന്ന ഭരണഘടനാ തത്വത്തെ ലംഘിക്കുകയാണ്‌ കേന്ദ്ര സർക്കാർ.

അയൽരാജ്യങ്ങളിൽനിന്ന്‌ എത്തുന്ന മുസ്ലിങ്ങളോട്‌ വിവേചനപരമായ സമീപനം പ്രാവർത്തികമാക്കുന്നതാണ്‌ സിഎഎയുടെ ചട്ടങ്ങൾ. ഈ നിയമം നടപ്പാക്കുന്നതിനെ ദേശീയ പൗരത്വ രജിസ്റ്റർ(എൻ.ആർ.സി) രൂപീകരണവുമായി ബന്ധപ്പെടുത്തുന്നതും മുസ്ലിം വിഭാഗത്തിലെ പൗരന്മാരെ വേട്ടയാടാനാണെന്ന്‌ ആശങ്ക ഉയർത്തുന്നു.

പൗരത്വ നിർണയ പ്രക്രിയയിൽനിന്ന്‌ സംസ്ഥാന സർക്കാരുകളെ മാറ്റിനിർത്തുംവിധമാണ്‌ ചട്ടങ്ങൾക്ക്‌ രൂപം നൽകിയിരിക്കുന്നത്‌. സി.എ.എയെ എതിർത്ത സംസ്ഥാന സർക്കാരുകളെ ഒഴിവാക്കാനാണ്‌ ഈ നടപടി.

സി.എ.എ പാസാക്കി നാല്‌ വർഷത്തിനുശേഷം, ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാൻ ദിവസങ്ങൾമാത്രം ബാക്കിയുള്ളപ്പോൾ ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തതിലൂടെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനാണ്‌ ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന്‌ ഉറപ്പാണെന്നും പൊളിറ്റ്‌ ബ്യൂറോ വ്യക്‌തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *