Timely news thodupuzha

logo

തെക്കൻ ഗാസയിലെ ഖാൻ യൂനിസിലേക്ക്‌ നിര്‍ധനരായ പലസ്തീന്‍ ജനതയുടെ പ്രയാണം

ഗാസ സിറ്റി: ന​ഗരത്തെ തച്ചുടച്ച് ഇസ്രയേൽ സൈന്യം ഭാഗികമായി പിൻവാങ്ങിയതോടെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലേക്ക്‌ നിര്‍ധനരായ പലസ്തീന്‍ ജനതയുടെ പ്രയാണം.

കരസേനയെ ഭാഗികമായി പിൻവലിക്കുന്നതായി ഞായറാഴ്‌ച ഇസ്രയേലിന്റെ പ്രഖ്യാപനം വന്നതിനുപിന്നാലെ കാൽനടയായും സൈക്കിളിലും കഴുതപ്പുറത്തും നിരവധി പേരാണ്‌ പ്രദേശത്തേക്ക്‌ തിരിച്ചത്‌.

ഹമാസിനെ നേരിടാനെന്ന പേരില്‍ പേരിൽ ഡിസംബറിലാണ്‌ ഖാൻ യൂനിസിലേക്ക് ഇസ്രയേൽ കരസേന ഇരച്ചു കയറിയത്. ഖാൻ യൂനിസ്‌ പൂർണമായി വാസയോഗ്യമല്ലാത്ത നിലയിലാണ്‌.

കെട്ടിട സമുച്ചയങ്ങളും വ്യാപാര സമുച്ചയങ്ങളും ഉണ്ടായിരുന്നിടത്ത് ഇപ്പോൾ അവശിഷ്ട കൂമ്പാരം. തെരുവുകൾ ബുൾഡോസർ ഉപയോഗിച്ച്‌ ഇടിച്ചു നിരത്തി.

സ്‌കൂളുകളും ആശുപത്രികളും പാടെ തകർത്ത നിലയില്‍. 14 ലക്ഷം പേർ തിങ്ങിപ്പാർക്കുന്ന റാഫയിലേക്ക്‌ കരയാക്രമണം വ്യാപിപ്പിക്കാന്‍ ‍ലക്ഷ്യമിട്ടാണ് ഖാൻ യൂനിസിൽ നിന്ന്‌ സൈന്യത്തെ ഭാഗികമായി പിൻവലിച്ചത്‌. ഒരാഴ്‌ചക്കുള്ളിൽ റാഫയിൽ കരസേന അധിനിവേശം നടത്താനാണ് നീക്കം.

കെയ്‌റോയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്ന്‌ ഈജിപ്‌ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. എന്നാൽ, കരാർ ഇനിയും ദൂരത്താണെന്ന്‌ ഹമാസിന്റെയും ഇസ്രയേലിന്റെയും ഉദ്യോഗസ്ഥരുടെ പ്രതികരണം.

24 മണിക്കൂറിനുള്ളിൽ 38 പേരെയാണ്‌ ഇസ്രയേൽ ഗാസയിൽ കൊന്നൊടുക്കിയത്‌. ഇതോടെ ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,207 ആയി.

അതേസമയം, ഗാസയിൽ വംശഹത്യ നടത്താൻ ജർമനി ഇസ്രയേലിന്‌ ആയുധം നൽകുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നിക്കരാഗ്വേ നൽകിയ കേസിൽ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതി വാദം ആരംഭിച്ചു. ഇസ്രയേലിന്‌ ആയുധം നൽകുന്നതിൽ അമേരിക്കയ്ക്ക്‌ പിന്നിൽ രണ്ടാമതാണ്‌ ജർമനി.

Leave a Comment

Your email address will not be published. Required fields are marked *