തിരുവനന്തപുരം: ലൈഗിംക പീഡന കേസിൽ പ്രതികളായ ഇൻസ്പെകട്ർ സൈജു, ജെ എസ് അനിൽ എന്നിവരെ പിടികൂടാതെ പൊലീസ്. മലയിൻകീഴ്, നെടുമങ്ങാട് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബലാൽസംഗ കേസുകളിൽ പ്രതിയാണ് സൈജു. ജാമ്യം ലഭിക്കാൻ വ്യാജ രേഖയും ഇയാൾ ഉണ്ടാക്കി. പോക്സോ പ്രതിയെ പീഡിപ്പിച്ച മുൻ അയിരൂർ എസ്എച്ഒയാണ് ജെ എസ് അനിൽ. സസ്പെൻഷനിലായ ജെ എസ് അനിലും ഒളിവിലെന്നാണ് പൊലിസ് പറയുന്നത്. ശ്രീകാര്യം മുൻ എസ്എച്ച്ഒ അഭിലാഷ് ഡേവിഡിനേയും ട്രാഫിക് സ്റ്റേഷൻ ഉദ്യോഗസ്ഥൻ റെജി ഡേവിഡിനേയും നന്ദാവനം എ ആര്‍ ക്യാംപിലെ ഡ്രൈവര്‍ ഷെറിയെയുമാണ് സര്‍വ്വീസിൽ നിന്ന് നീക്കിയത്. പുറത്താക്കപ്പെട്ട എസ് എച്ച് ഒ അഭിലാഷ് റെയിൽവേ പൊലീസിൽ ജോലി ചെയ്യുന്നതിനിടെ ഗുണ്ടാബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെൻഷനിലാണ്. പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് ഇയാൾ നിലവിൽ അന്വേഷണം നേരിടുന്നുണ്ട്.
പീഡനക്കേസിൽ പ്രതിയായതോടെയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ റെജി ഡേവിഡിനെ പുറത്താക്കിയത്. അരുവിക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മർദിച്ച കേസിലും ഉൾപ്പെട്ടതിലാണ് നടപടി. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഷെറിയെ പിരിച്ചു വിട്ടത്. അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് പേരിൽ നിന്നും കമ്മീഷണര്‍ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയിലേക്ക് കമ്മീഷണര്‍ കടന്നത്.
അതേസമയം കേരള പൊലീസിലെ അച്ചടക്ക നടപടികൾ തുടരുകയാണ്. തിരുവനന്തപുരം സിറ്റി പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സര്‍വ്വീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.