Timely news thodupuzha

logo

കാഡ്സ് ​ഗ്രീൻഫെസ്റ്റ് 2024; 22ന് തുടക്കമാകും, മെഡിക്കൽ ക്യാമ്പ്, തെങ്ങിൻ തൈ വിതരണം, ചിൽഡ്രൺസ് പാർക്ക് എന്നിവ ഉണ്ടായിരിക്കും

തൊടുപുഴ: മേടമാസത്തിലെ പത്താമുദയത്തോട് അനുബന്ധിച്ച് കാഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്രീൻഫെസ്റ്റ് – വിത്ത് മഹോത്സവം ഏപ്രിൽ 22ന് വെങ്ങല്ലൂർ – മങ്ങാട്ടുകവല ബൈപ്പാസിലുള്ള കാഡ്സ് വില്ലേജ് സ്ക്വയറിൽ ആരംഭിക്കും. കൃഷി ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയത്ത് വിത്തുകളും നടീൽ വസ്തുക്കളും കർഷകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ​ഗ്രീൻഫെസ്റ്റ് നടത്തുന്നത്.

22ന് വൈകിട്ട് അഞ്ചിന് കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് തിരിതെളിയിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് സാജന്യ ഇളനീർ തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം നിർവഹിക്കും. ഫാ. സ്റ്റാൻലി കുന്നേൽ ഹരിതം മധുരം പദ്ധതി ഉദ്ഘാടനം ചെയ്യും. കാലി വളർത്തൽ മേഖലയിൽ മികവ് തെളിയിച്ച കുട്ടികർഷകരായ മാത്യു, ജോർജ്ജ് എന്നിവരെ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ ആദരിക്കും.

കൃഷി ലാഭകരമാക്കാനുള്ള സാധ്യതകളെ കുറിച്ച് സെമിനാർ, മെഡിക്കൽ ക്യാമ്പ്, 80 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന കാർഷികോപരണങ്ങളുടെ പ്രദർശനം, കുറഞ്ഞ ചിലവിൽ ​ഗാർഹിക മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള യൂണിറ്റുകളുടെ പ്രദർശനം, മുപ്പതോളം വിപണന സാമ്പിളുകൾ, ഓർക്കിഡ് ആന്തൂറിയം, ഇൻഡോർപ്ലാന്റ് എന്നിവ ഉൾപ്പെടെ പതിനായിര കണക്കിന് ഫലവൃക്ഷതൈകൾ, പച്ചക്കറിതൈകൾ, കിഴങ്ങുവർ​ഗങ്ങൾ, ജൈവവളങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവയുടെ പ്രദർശനം, പെരുമ്പളം ശ്രീകുമാറിന്റെ ഹൈബ്രിഡ് പച്ചക്കറികളുടെ ശേഖരം, ചക്ക വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള നാടൻ ഭക്ഷ്യമേള എന്നിവ ​ഗ്രീൻഫെസ്റ്റിന്റെ ഭാ​ഗമായി ഉണ്ടായിരിക്കും. കൂടാതെ ചിൽഡ്രൺസ് പാർക്ക്, ഇലക്ട്രിക് വാഹനങ്ങളിൽ സൗജന്യ യാത്ര എന്നിവയും ഒരുക്കിയിട്ടുണ്ട്.

23ന് രാവിലെ 10ന് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന് ചാഴികാട്ട് ഹോസ്പിറ്റൽ നേതൃത്വം നൽകും. 10.30ന് സൗജന്യ തെങ്ങിൻ തൈകൾ വിചതരണം ചെയ്യും. തുടർന്ന് ശാസ്ത്രീയ തെങ്ങ് കൃഷിയും പരിപാലനവുമെന്ന വിഷയത്തിൽ സെമിനാർ. 24ന് രാവിലെ 10ന് പ്രകൃതി ചികിത്സയും ആയൂർവേദവും ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ക്യാമ്പിന് പാലാ മാർസ്ലീവാ മെഡിസിറ്റ് ഹോസ്പിറ്റൽ നേതൃത്വം നൽകും. 10.30ന് മണ്ണിന്റെ ആരോഗ്യ പരിപാലനത്തിൽ അധിക വിളവെന്ന വിഷയത്തിൽ സെമിനാർ. 25ന് ദന്തരോ​ഗ നിർണ്ണയ ക്യാമ്പ്. അൽ അസർ മെഡിക്കൽ കോളേജ് നേതൃത്വം നൽകും. തുടർന്ന് സെമിനാർ. 26ന് ഹോളി ഫാമിലി ആശുപത്രിയുടെ നേതൃത്വത്തിൽ നേത്ര പരിശോധന ജെനറൽ മെഡിസിൻ ക്യാമ്പ്. 27ന് രാവിലെ 10.30ന് ചെറുതേനീച്ച കൃഷി ക്ലാസ്. ​

ഗ്രീൻഫെസ്റ്റ് ന​ഗരിയിലേക്കുള്ള പ്രവേശനവും മെഡിക്കൽ ക്യാമ്പുകളും സൗജന്യമാണ്. മേളയിൽ പങ്കെടുക്കുന്നവർക്ക് കറിവേപ്പിൻ തൈയ്യും ഒരു പാക്കറ്റ് പച്ചക്കറിവിത്തും ​ഗിഫ്റ്റായി നൽകും.

തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, ജനറൽ കൺവീനർ ജേക്കബ് മാത്യു, സെക്രട്ടറി എൻ.ജെ മാമച്ചൻ, ട്രഷറർ സജി മാത്യു, ഡയറക്ടർ ജയ്മോൾ ജേക്കബ് എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *