Timely news thodupuzha

logo

പശ്ചിമ ബംഗാളിലെ നാലു മണ്ഡലങ്ങളിൽ പോളിങ്ങ് ഇന്ന്

കൊൽക്കത്ത: മൂന്നാം ഘട്ടം തെരഞ്ഞെടുപ്പിൻറെ ഭാഗമായി പശ്ചിമ ബംഗാളിലെ നാലു മണ്ഡലങ്ങൾ ഇന്നു പോളിങ്ങ് ബൂത്തിലേക്കു നീങ്ങുമ്പോൾ മുസ്‌ലിം വോട്ടുകളുടെ ഗതിവിഗതികൾ എങ്ങനെയെന്നാണ് പ്രധാന കക്ഷികളുടെ ആശങ്ക.

മുസ്‌ലിം വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള മാൽഡ ഉത്തർ, മാൽഡ ദക്ഷിൺ, ജംഗിപ്പുർ, മുർഷിദാബാദ് മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്.

പൗരത്വ നിയമ ഭേദഗതിയും(സി.എ.എ) ഏക സിവിൽ കോഡും(യു.സി.സി) നിരന്തരം ഉന്നയിച്ച് ന്യൂനപക്ഷങ്ങളെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചു നിർത്താനുള്ള ശ്രമത്തിലായിരുന്നു ഇടത് – കോൺഗ്രസ് സഖ്യവും തൃണമൂൽ കോൺഗ്രസും.

മുസ്‌ലിം വോട്ടുകൾ ഇരുപക്ഷത്തേക്കുമായി ഭിന്നിക്കുകയും ഹിന്ദു വോട്ടുകളിൽ ഭൂരിപക്ഷവും തങ്ങൾക്ക് ലഭിക്കുകയും ചെയ്താൽ ജയം സാധ്യമാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

നിലവിൽ മുർഷിദാബാദ്, ജംഗിപ്പുർ മണ്ഡലങ്ങൾ തൃണമൂൽ കോൺഗ്രസിൻറേതാണ്. ഇവിടെ സിറ്റിങ്ങ് എം.പിമാരായ അബു താഹിർ, ബീഡി നിർമാണഭീമൻ ഖാലിയുർ റഹ്മാൻ എന്നിവരെ പാർട്ടി വീണ്ടും പരീക്ഷിക്കുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമാണു മുർഷിദാബാദിൽ ഇടത് – കോൺഗ്രസ് സഖ്യത്തിൻറെ സ്ഥാനാർത്ഥി. മാൽഡ ഉത്തറിൽ ബി.ജെ.പി സിറ്റിങ്ങ് എം.പി ഖഗൻ മുർമുവിനാണ് ഇത്തവണയും അവസരം നൽകിയിരിക്കുന്നത്.

പ്രസൂൻ ബാനർജിയാണ് ഇവിടെ തൃണമൂൽ സ്ഥാനാർത്ഥി. കോൺഗ്രസ് – ഇടതു സഖ്യം കോൺഗ്രസിൻറെ മുൻ എം.എൽ.എ മുഷ്താഖ് ആലത്തെ നിയോഗിച്ചിരിക്കുന്നു.

മാൽഡ ദക്ഷിണിൽ അന്തരിച്ച മുതിർന്ന നേതാവ്, എ.ബി.എ ഗനിഖാൻ ചൗധരിയുടെ സഹോദരൻ അബു ഹസിംഖാൻ ചൗധരിയാണു കോൺഗ്രസിൻറെ സ്ഥാനാർഥി.

2006ലെ ഉപതെരഞ്ഞെടുപ്പു മുതൽ ഇവിടെ ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ല അദ്ദേഹം. മാൽഡ ദക്ഷിണിൽ 55 ശതമാനവും മുർഷിദാബാദിൽ 70 ശതമാനവുമാണ് മുസ്‌ലിം വോട്ടർമാരുടെ എണ്ണം. ഇതു പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണു തൃണമൂൽ കോൺഗ്രസും ഇടത്- കോൺഗ്രസ് സഖ്യവും.

എന്നാൽ, തൃണമൂലും ഇടത് – കോൺഗ്രസ് സഖ്യവും ചേർന്ന് മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കുന്നതിലാണു ബി.ജെ.പിയുടെ പ്രതീക്ഷ. ബംഗ്ലാദേശ് അതിർത്തി മണ്ഡലങ്ങളിൽ, പ്രത്യേകിച്ച് മാൽഡ ഉത്തറിലുള്ള അഭയാർഥി സമൂഹത്തിൻറെ വോട്ടിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്.

തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടം എന്നതിലുപരി ഈ ഘട്ടത്തിൽ നടക്കുന്നത് ന്യൂനപക്ഷ വോട്ടിനു വേണ്ടി തൃണമൂലും ഇടത്- കോൺഗ്രസ് സഖ്യവുമായുള്ള യുദ്ധമാണ് രാഷ്ട്രീയ നിരീക്ഷകനായ ബിശ്വനാഥ് ചക്രബർത്തി പറയുന്നു.

നദീതീരത്തെ മണ്ണൊലിപ്പ്, തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ, തുടങ്ങിയവയാണ് പ്രദേശത്തെ പ്രധാന പ്രശ്നങ്ങളെങ്കിലും ബി.ജെ.പി ഒഴികെയുള്ള കക്ഷികളുടെ പ്രചാരണത്തിൽ നിറയുന്നത് സി.എ.എയും ദേശീയ പൗരത്വ രജിസ്റ്ററുമാണ്(എൻ.ആർ.സി).

എൻ.ആർ.സിക്കുള്ള തുടക്കമാണ് സി.എ.എ എന്നാണ് ഇവർ വാദിക്കുന്നത്. മുൻ എം.പി മുഹമ്മദ് സലിം മത്സരിക്കുന്ന മുർഷിദാബാദാണ്. സംസ്ഥാനത്ത് സി.പി.എമ്മിന് നേരിയ പ്രതീക്ഷയുള്ള ഏക മണ്ഡലം.

ഇടത് – കോൺഗ്രസ് സഖ്യത്തിൽ സംസ്ഥാനത്ത് പൊതുവേയുള്ള കല്ലുകടി ഇവിടെ കാണാനില്ല. ഇരുപാർട്ടികളും ഏറെ യോജിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ, മണ്ഡലത്തിൽ തങ്ങൾക്കുള്ള മേൽക്കൈയിലാണു തൃണമൂൽ കോൺഗ്രസിൻറെ ആത്മവിശ്വാസം.

2019ൽ ഇവിടെ 41.57 ശതമാനം വോട്ട് നേടിയാണ് തൃണമൂൽ വിജയിച്ചത്. കോൺഗ്രസ് 26%, ബി.ജെ.പി 17.05%, സി.പി.എം 12.44 % എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ നില.

തൃണമൂൽ ഭരണത്തിനെതിരായ ജനവികാരവും കോൺഗ്രസിൻറെയും ഇടതു പാർട്ടികളുടെയും വോട്ടുകളും കൂടി ചേരുമ്പോൾ വിജയിക്കാമെന്നാണ് സി.പി.എമ്മിൻറെ പ്രതീക്ഷ.

എന്നാൽ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുർഷിദാബാദിലെ ആറു നിയമസഭാ മണ്ഡലങ്ങളിലും തൃണമൂലാണ് വിജയിച്ചത്. ഒരു മണ്ഡലം ബി.ജെ.പിക്ക് ഒപ്പമായിരുന്നു.

മുൻ രാഷ്‌ട്രപതി അന്തരിച്ച പ്രണബ് മുഖർജി രണ്ടു വട്ടം വിജയിച്ചിട്ടുള്ള ജംഗിപ്പുരിലും തൃണമൂലിനാണു മേൽക്കൈ. 2019ൽ 43 ശതമാനം വോട്ട് നേടിയാണ് പാർട്ടി ഇവിടെ വിജയിച്ചത്.

രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക് 24ഉം മൂന്നാമതെത്തിയ കോൺഗ്രസിന് 19ഉം ശതമാനം വോട്ട് ലഭിച്ചു. ഇത്തവണ ശക്തമായ ത്രികോണ മത്സരമാണിവിടെ.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടത്തെ ഏഴു മണ്ഡലങ്ങളിലും തൃണമൂൽ വിജയിച്ചിരുന്നു. എന്നാൽ, 2023ൽ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ സാഗർദിഘിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂലിനെ ഞെട്ടിച്ച് ഇടത് – കോൺഗ്രസ് സഖ്യത്തിൻറെ ബൈരൺ ബിശ്വാസ് വിജയിച്ചിരുന്നു.

മാൽഡ ദക്ഷിണിൽ ഗനിഖാൻ ചൗധരിയുടെ ഓർമകൾക്കുള്ള സ്വാധീനത്തിലാണ് ഇടത് – കോൺഗ്രസ് സഖ്യം വിശ്വാസമർപ്പിക്കുന്നത്. പാർട്ടിയുടെ എം.എൽ.എ ശ്രീരൂപ മിത്ര ചൗധരിയാണു ബി.ജെ.പി സ്ഥാനാർത്ഥി.

ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നു ഗവേഷണം പൂർത്തിയാക്കിയ ഷാനവാസ് അലി റെയ്ഹാനെയാണു തൃണമൂൽ രംഗത്തിറക്കിയിരിക്കുന്നത്.

2019ൽ 34.73 ശതമാനം വോട്ട് നേടി കോൺഗ്രസ് വിജയിച്ച സീറ്റിൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി 34.09 ശതമാനം വോട്ട് നേടിയിരുന്നു. 27 ശതമാനം വോട്ട് നേടിയ തൃണമൂലാണ് മൂന്നാം സ്ഥാനത്ത്.

ഇത്തവണ ഇടതിൻറെ വോട്ട് കൂടി ചേരുമ്പോൾ വിജയിക്കാനാകുമെന്നു കോൺഗ്രസ് കരുതുന്നു. എന്നാൽ, അഞ്ചു വർഷത്തിനിടെ ബി.ജെ.പി സ്വാധീനം വർധിപ്പിച്ചത് എഴുതിത്തള്ളാനാവില്ല.

മാൽഡ ഉത്തർ നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണു ബി.ജെ.പി വീണ്ടും ഖഗൻ മുർമുവിനു സീറ്റ് നൽകിയിട്ടുള്ളത്. 2019ൽ മുർമു 37 ശതമാനം വോട്ട് നേടി വിജയിച്ചപ്പോൾ തൃണമൂൽ 31 ശതമാനം വോട്ടും കോൺഗ്രസ് 22.53 ശതമാനം വോട്ടും നേടി രണ്ടും മൂന്നും സ്ഥാനങ്ങളിലായിരുന്നു.

ഇത്തവണയും ഇരു പാർട്ടികളും വെവ്വേറെയാണു മത്സരിക്കുന്നത്. ഇതുമൂലം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്നതിലാണു ബി.ജെ.പിയുടെ സാധ്യതകൾ.

നാലു മണ്ഡലങ്ങളിലുമായി 73,37,651 വോട്ടർമാരാണുള്ളത്. ആകെ 7360 പോളിങ്ങ് ബൂത്തുകൾ. ജംഗിപ്പുർ 14, മാൽഡ ഉത്തർ 15, മാൽഡ ദക്ഷിൺ 17, മുർഷിദാബാദ് 11 എന്നിങ്ങനെയാണു മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം.

Leave a Comment

Your email address will not be published. Required fields are marked *