Timely news thodupuzha

logo

തൊടുപുഴയിൽ അഭിഭാഷകന് വെട്ടേറ്റു ; സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി ചോദ്യം ചെയ്തത് കാരണം .

തൊടുപുഴ: സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി ചോദ്യം ചെയ്തതിന് മുന്‍ വാര്‍ഡ് മെമ്പറെ വധിക്കാന്‍ ശ്രമം. ബിജെപി ജില്ലാ ലീഗല്‍ സെല്‍ കണ്‍വീനറും അഭിഭാഷക പരിഷത്ത് ജില്ലാ സെക്രട്ടറിയുമായ കുമാരമംഗലം കിഴക്കേവാദ്ധ്യാപ്പിള്ളില്‍ അഡ്വ. കെ.എസ്. ബിനുവിനെയാണ് ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കൈപ്പത്തിക്ക് വെട്ടേറ്റ ബിനു തൊടുപുഴയിലെ സഹ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എഫ്എച്ച്‌സിയുടെ സബ് സെന്ററിന് മുന്നിലെ സ്ഥലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കുന്നതിന് നീക്കം നടന്ന് വരികയാണ്.
ഇതിനിടെ ഇന്നലെ രാവിലെ സ്ഥലത്ത് നിന്ന് 4 തെങ്ങുകള്‍ കല്ലൂര്‍ക്കാട് നിന്നെത്തിയ മൂന്നംഗ സംഘം മുറിച്ചു. ഈ സമയം സ്ഥലത്തെത്തിയ അഡ്വ. ബിനു ഇത് ചോദ്യം ചെയ്തു. ഇതോടെ സംഘത്തിലെ ഒരാള്‍ വാക്കത്തിയുമായി പാഞ്ഞെത്തി ബിനുവിന്റെ തലയ്ക്ക് വെട്ടാന്‍ നോക്കി. കൈ കൊണ്ട് തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. വാക്കത്തിക്ക് വെട്ടേറ്റ് കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ ഓടികൂടിയാണ് സംഘര്‍ഷം ഒഴിവാക്കി ബിനുവിനെ രക്ഷിച്ചത്.
തെങ്ങുകള്‍ പഞ്ചായത്ത് ലേലം ചെയ്‌തെന്നാണ് വെട്ടാനെത്തിയവര്‍ പറഞ്ഞത്. എന്നാല്‍ ഇത് വാര്‍ഡ് മെമ്പര്‍ പോലും അറിഞ്ഞിട്ടില്ല. ഈ സ്ഥലം പഞ്ചായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും ആരോഗ്യ വകുപ്പിന്റെ കീഴിലാണെന്നുമാണ് നാട്ടുകാരും പറയുന്നത്. അങ്കണവാടി, പകല്‍വീട് തുടങ്ങി ആറോളം കെട്ടിടങ്ങള്‍ ഈ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വയോധികരും രോഗികളും അടക്കം നിരവധി പേര്‍ പതിവായി എത്തുമ്പോഴാണ് ഇത്തരമൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിക്കുന്നത്.
അതേ സമയം നേരത്തെ വിവിധയിടങ്ങളില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നതായി മധുരപ്പാറ വാര്‍ഡ് മെമ്പര്‍ സുനിത ഉണ്ണി പറഞ്ഞു.
ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഇവിടെ നിന്നെല്ലാം മാറ്റുകയായിരുന്നു. എംസിഎഫ് സ്ഥാപിക്കുന്ന കാര്യം പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയോ തന്നെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും സുനിത വ്യക്തമാക്കി.
പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്ന എംസിഎഫിനെതിരെ ജനങ്ങള്‍ സംഘടിച്ച് 3 മാസം മുമ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുകയാണ്. അതേ സമയം ബിനുവിനെ ആക്രമിച്ച സംഭവത്തില്‍ കല്ലൂര്‍ക്കാട് സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തതായി തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *