Timely news thodupuzha

logo

തൊഴിൽ മന്ത്രി ഇടപെട്ടു; ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി തൊഴിലാളികൾക്ക് ശമ്പളം 23ന്

മുണ്ടക്കയം: ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള തർക്കം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇടപെട്ട് പരിഹരിച്ചു. മുണ്ടക്കയം കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ശമ്പള കുടിശ്ശിക 23ന് തന്നെ കൊടുക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകി.

തിങ്കളാഴ്ചയ്ക്കകം വിതരണം പൂർത്തിയാക്കും. ലീവ് ക്യാഷ് ഈ മാസം 30 നുള്ളിൽ കൊടുക്കും. ബാങ്ക് ലോൺ കുടിശ്ശിക എത്രയും വേഗം മാനേജ്‌മെന്റ് സെറ്റിൽ ചെയ്യും. പിഴ പലിശ കൊടുക്കാൻ തൊഴിലാളികൾക്ക് നിർവാഹമില്ല. ഗ്രാറ്റുവിറ്റി നിയപരമായി ഈടാക്കുന്നതാണോ എന്ന് ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം ഏത് രീതിയിൽ തീർപ്പാക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു.

പി.എഫ് കുടിശ്ശിക നൽകാൻ മാനേജ്‌മെന്റിന് അൽപം സമയം നൽകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തൊഴിൽവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും.

തേക്ക് മരങ്ങൾ മുറിക്കുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനം എടുക്കാൻ കഴിയുമോ എന്നത് പരിശോധിക്കും. എസ്റ്റേറ്റിലെ പ്രധാന മേഖലകൾ, തൊഴിലാളികളുടെ ലയങ്ങൾ എന്നിവ മന്ത്രി സന്ദർശിക്കുകയും തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

വാഴൂർ സോമൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി.ബിനു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , തൊഴിൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *