Timely news thodupuzha

logo

മാലിന്യമുക്തം നവകേരളം പദ്ധതി ഫലം കാണുന്നതിന്റെ തെളിവാണ് മാലിന്യ ശേഖരണത്തിലുണ്ടായ വലിയ മുന്നേറ്റം; മന്ത്രി എം.ബി.രാജേഷ്

തിരുനനന്തപുരം: മാലിന്യ ശേഖരണത്തിലും തരംതിരിച്ച് ശേഖരിക്കുന്നതിലുമുണ്ടായ വലിയ മുന്നേറ്റം, ‘മാലിന്യമുക്തം നവകേരളം’ പദ്ധതി ഫലം കാണുന്നതിന്റെ തെളിവാണെന്ന് തദ്ദേശ സ്വയം ഭരണ-എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ക്ലീൻ കേരളാ കമ്പനി വഴി മാലിന്യം നീക്കം ചെയ്യുന്നതിലുള്ള പുരോ​ഗതിയെപ്പറ്റി സംസാരിക്കുകയായിരുന്നു മന്ത്രി.

പാഴ്വസ്തു ശേഖരണ രംഗത്ത് പ്രാദേശിക സർക്കാരുകളുടെ പിന്തുണാ സംവിധാനമായാണ് ക്ലീൻ കേരളാ കമ്പനി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ എണ്ണൂറിലധികം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ക്ലീൻ കേരളാ കമ്പനിയുടെ പിന്തുണ ലഭിക്കുന്നുണ്ട്. കൂടുതൽ ഫലപ്രദമാവും ശാസ്ത്രീയവുമായ ഇടപെടലുകൾ ക്ലീൻ കേരളാ കമ്പനി നടത്തും മന്ത്രി പറഞ്ഞു.

ക്ലീൻ കേരളാ കമ്പനി വഴി നീക്കം ചെയ്യുന്ന മാലിന്യത്തിന്റെ അളവിൽ വൻ കുതിച്ചുചാട്ടമാണ് നിലവിലുള്ളത്. 2023 മെയ് മാസത്തിൽ 5355.08 മെട്രിക് ടൺ മാലിന്യമാണ് ക്ലീൻ കേരളാ കമ്പനി സംസ്ഥാനത്താകെ ശേഖരിച്ച് നീക്കം ചെയ്തത്. 2022 മെയ് മാസത്തിൽ ഇത് 3728.74 മെട്രിക് ടൺ മാത്രമായിരുന്നു.

43.61% വർധനയുണ്ടായി. ഇതിൽ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യം 620.59 ടൺ മാത്രമായിരുന്നു. 2023 മെയിൽ ഇത് 1014.04 ആയി വർധിച്ചു (63.39% വർധന). 2023 ഏപ്രിൽ മാസത്തിൽ ആകെ ശേഖരിച്ച മാലിന്യം 3174 ടണ്ണും ഇതിൽ വേർതിരിച്ച പ്ലാസ്റ്റിക് 958.32 ടണ്ണുമായിരുന്നു.

മെയിൽ 63.55 ലക്ഷം രൂപയും ഏപ്രിലിൽ 57.02 ലക്ഷം രൂപയും ക്ലീൻ കേരളാ കമ്പനി ഹരിതകർമ്മസേനാംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്.ചില്ല്, തുണി, ഇ വേസ്റ്റ്, മരുന്ന് സ്ട്രിപ്പ്, ടയർ, ചെരുപ്പ്, ഹസാർഡസ് വേസ്റ്റ് ഉൾപ്പെടെ എല്ലാത്തരം മാലിന്യവും ഇപ്പോൾ ക്ലീൻ കേരളാ കമ്പനി ശേഖരിക്കുന്നുണ്ട്.

2021-22 വർഷത്തിൽ ആകെ 7657 മെട്രിക് ടൺ മാലിന്യമായിരുന്നു ക്ലീൻ കേരളാ കമ്പനി നീക്കം ചെയ്തത്. 2022-23 വർഷത്തിൽ ഇത് നാലിരട്ടിയോളം (30218 മെട്രിക് ടൺ) വർധിപ്പിക്കാനായി. തരംതിരിച്ച പ്ലാസ്റ്റിക് ഈ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8463 മെട്രിക് ടണ്ണായി വർധിച്ചു.

ഇതുമൂലം ഹരിതകർമ്മ സേനയ്ക്ക് ആറുകോടി രൂപയിലധികം പാഴ്വസ്തുക്കളുടെ വിലയായി കൈമാറാനായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഷ്രെഡഡ് പ്ലാസ്റ്റിക് 259.98 ടൺ ഉൽപ്പാദിപ്പിക്കാനും ഇതിൽ 55.92 ടൺ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി കൈമാറാനും ക്ലീൻ കേരളാ കമ്പനിക്ക് കഴിഞ്ഞു.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ കുന്നുകൂടിക്കിടന്ന (ലെഗസി വേസ്റ്റ്) 7610.53 ടൺ മാലിന്യം നീക്കം ചെയ്തു. 1713.56 ടൺ മൾട്ടി ലെയർ പ്ലാസ്റ്റിക്, 197.868 ടൺ ഇ മാലിന്യം, 36.65 ടൺ ഹസാർഡസ് വേസ്റ്റ്, 1053.67 ടൺ ചില്ലുമാലിന്യം, 327.71 ടൺ തുണി മാലിന്യം, ചെരുപ്പ്-ബാഗ്-തെർമ്മോക്കോൾ വിഭാഗത്തിലെ 2037.59 ടൺ മാലിന്യം, 7.77 ടൺ മരുന്ന് സ്ട്രിപ്പ് എന്നിവയും നീക്കം ചെയ്യാനായി. ആകെ മാലിന്യ ശേഖരണത്തിൽ എറണാകുളമായിരുന്നു മുന്നിൽ, 4735.96 ടൺ.

പക്ഷെ തരംതിരിച്ച് മാലിന്യം ശേഖരിക്കുന്നതിലും അതുവഴി ഹരിതകർമ്മ സേനയ്ക്കുള്ള വരുമാനത്തിലും ഒന്നാമതെത്തിയത് കണ്ണൂർ ജില്ലയാണ്. കണ്ണൂരിൽ 1186.12 ടൺ തരംതിരിച്ച പ്ലാസ്റ്റികാണ് ശേഖരിച്ചത്, ഇതുവഴി 99.76 ലക്ഷം രൂപ ഹരിതകർമ്മ സേനയ്ക്ക് ലഭിക്കുകയും ചെയ്തു. എറണാകുളം ജില്ലയിൽ ഇത് 510.38 ടണ്ണും 28.32 ലക്ഷം രൂപയുമാണ്.

Leave a Comment

Your email address will not be published. Required fields are marked *