Timely news thodupuzha

logo

മഴയിലെ കുറവ്‌ ആശങ്ക സൃഷ്ടിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കാലവർഷം അവസാനിക്കാൻ ഒന്നര മാസംമാത്രം ശേഷിക്കെ മഴയിലെ കുറവ്‌ ആശങ്ക സൃഷ്ടിക്കുന്നു. കാലവർഷം രണ്ടര മാസം പിന്നിടുമ്പോൾ 44 ശതമാനമാണ്‌ മഴക്കുറവ്‌. ആഗസ്‌ത്‌ 16 വരെ 1572.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 877.2 മില്ലി മീറ്റർ മാത്രമാണ്‌ ലഭിച്ചത്‌.

പ്രധാന വൈദ്യുതി ഉൽപ്പാദനകേന്ദ്രമായ ഇടുക്കി ജില്ലയിലെ മഴക്കുറവാണ്‌ കൂടുതൽ ആശങ്കയ്‌ക്ക്‌ കാരണം. കൂടുതൽ മഴക്കുറവ്‌ ഇടുക്കിയിലാണ്‌. 1956.5 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത്‌ 775.4 മില്ലി മീറ്റർ മഴ മാത്രമാണ്‌ ലഭിച്ചത്‌. 60 ശതമാനം കുറവ്‌. ജൂണിൽ 60 ശതമാനം മഴക്കുറവായിരുന്നു. ജൂലൈയിൽ ഭേദപ്പെട്ട മഴ ലഭിച്ചെങ്കിലും ആഗസ്‌തിലും മഴ കുറഞ്ഞതാണ്‌ ആശങ്കയ്‌ക്കിടയാക്കിയത്‌. ആഗസ്‌തിൽ ഇതുവരെ 90 ശതമാനമാണ്‌ മഴക്കുറവ്‌.

അതേസമയം, വെള്ളിയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ട്‌. നിലവിൽ ഹിമാലയൻ താഴ്‌വരയിലുള്ള മൺസൂൺ പാത്തി തെക്കുഭാഗത്തേക്ക്‌ മാറുന്നതിന്റെ ലക്ഷണവുമുണ്ട്‌. അങ്ങനെ വന്നാൽ, വെള്ളിയാഴ്‌ചമുതലുള്ള രണ്ടു മൂന്നു ദിവസം സംസ്ഥാനത്ത്‌ നേരിയ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.

എന്നാൽ, കാര്യമായ പ്രതീക്ഷയ്‌ക്ക്‌ വകയില്ലെന്ന്‌ കാലാവസ്ഥാ വിദഗ്‌ധൻ രാജീവ്‌ എരിക്കുളം പറഞ്ഞു. സെപ്‌തംബറിൽക്കൂടി കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകും. സെപ്‌തംബറിൽ സാധാരണയിൽ കൂടുതൽ മഴ ചില കാലാവസ്ഥാ ഏജൻസികൾ പ്രവചിക്കുന്നുണ്ട്‌.

എന്നിരുന്നാലും നിലവിലെ മഴക്കുറവ്‌ നികത്തുമെന്ന പ്രതീക്ഷയില്ല. കെഎസ്‌ഇബിയുടെയും ജലസേചനവകുപ്പിന്റെയും പ്രധാന അണ്ണക്കെട്ടുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ്‌ വെള്ളമുള്ളത്‌. ഇടുക്കിയിൽ 31.6 ശതമാനവും പമ്പയിൽ 2.08ഉം ഇരട്ടയാറിൽ 18.23ഉം ഇടമലയാറിൽ 41.8ഉം ശതമാനമാണ്‌ വെള്ളമുള്ളത്‌.

Leave a Comment

Your email address will not be published. Required fields are marked *