തിരുവനന്തപുരം: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നായ പേടകങ്ങളുടെ വേർപിരിയൽ വിജയകരം. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ലാൻഡറും റോവറുമടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്രവലയത്തിലെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ പ്രധാന ദൗത്യം പൂർത്തിയാക്കി.
പകൽ ഒന്നരയോടെ ബാംഗ്ലൂരിലെ ഐ.എസ്.ആർ.ഒ കേന്ദ്രമായ ഇസ്‌ട്രാക്ക് നൽകിയ കമാൻഡ് സ്വീകരിച്ച് ലാൻഡറിൽ നിന്ന് മൊഡ്യൂൾ വേർപെട്ടു. അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് വെള്ളിയാഴ്ച വൈകിട്ട് നാലിന് നടക്കുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ്ങ് നിശ്ചയിച്ചിരിക്കുന്നത്.