ബാംഗ്ലൂർ: ലൈംഗികാതിക്രമക്കേസ് പ്രതിയായ പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വെള്ളി പുലർച്ചെ ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ലുഫ്താൻസ എയർ വിമാനത്തിൽ ബാംഗ്ലൂർ വിമാനത്താവളത്തിൽ എത്തിയ ഉടനെയായിരുന്നു നടപടി.
മെഡിക്കൽ പരിശോധനയ്‌ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി.
ഹാസനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ പ്രജ്വൽ ഏപ്രിൽ 27ന് മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ജർമ്മനിയിലേക്ക് മുങ്ങിയത്.
34 ദിവസം ഒളിവ് ജീവിതം നയിച്ച പ്രജ്വലിനായി ബ്ലൂ കോർണർ നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറണ്ടും നിലവിലുണ്ടായിരുന്നു.
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ അനന്തരവനുമായ പ്രജ്വലിനെതിരെ നിരവധി സ്‌ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്
തിങ്കളാഴ്ച സമൂഹമാധ്യമമായ എക്‌സിൽ തന്റെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് പ്രജ്വൽ ഒരു വീഡിയോ സന്ദേശം പങ്കുവച്ചിരുന്നു. വെള്ളിയാഴ്‌ച പൊലീസിന് മുന്നിൽ കീഴടങ്ങുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.