Timely news thodupuzha

logo

വെടിനിർത്തൽ ചർച്ചയ്ക്ക്‌ തയ്യാറെന്ന്‌ ഇസ്രയേൽ, പ്രതീക്ഷയർപ്പിച്ച് ​ഗാസ

കെയ്‌റോ: ബന്ദികളെ ഒഴിപ്പിക്കാനായി മാനുഷിക ഇടനാഴിയൊരുക്കാൻ വെടിനിർത്തൽ ചർച്ചയ്ക്ക്‌ തയ്യാറാണെന്ന്‌ ഇസ്രയേൽ അറിയിച്ചതോടെ ഹ്രസ്വമായെങ്കിലും സമാധാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഗാസ.

ചൊവ്വാഴ്ച ഇസ്രയേൽ പ്രസിഡന്റ്‌ ഇസ്സാക്‌ ഹെർസോഗാണ്‌ വിദേശരാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചയ്ക്ക്‌ തയ്യാറാണെന്ന് അറിയിച്ചത്‌. എന്നാൽ ഹമാസിന്റെ അന്ത്യംകാണും വരെ യുദ്ധം തുടരുമെന്ന്‌ ഇസ്രയേൽ പ്രധനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.

വെടിനിർത്തൽ ചർച്ചയ്‌ക്ക്‌ ഇസ്രയേൽ സന്നദ്ധത അറിയിച്ചയേതാടെ ഹമാസ്‌ നേതാവ്‌ ഇസ്മായിൽ ഹനിയേ അയൽരാജ്യമായ ഈജിപ്തിലെ കെയ്‌റോയിലെത്തി.

നേരത്തേ, ഈജിപ്തിന്റെയും അമേരിക്കയുടെയും സഹായത്തോടെ ഖത്തറിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ്‌ ഗാസയിൽ ഏഴുദിവസം വെടിനിർത്തൽ സാധ്യമായത്‌. എന്നാൽ, പ്രഖ്യാപിച്ച സമയപരിധി അവസാനിക്കും മുമ്പേ ഇസ്രയേൽ വീണ്ടും ഏകപക്ഷീയ കടന്നാക്രമണം തുടങ്ങുകയായിരുന്നു.

ഹെർസോഗ്‌ ചർച്ചാസന്നദ്ധത പ്രകടിപ്പിച്ചശേഷവും ഇസ്രയേൽ സൈന്യം ഗാസയിലുടനീളം വലിയതോതിൽ ആക്രമണം നടത്തി. ചൊവ്വാഴ്ചമാത്രം ആക്രമണത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു.

വടക്കൻ മേഖലയിലെ ജബാലിയ അഭയാർഥി ക്യാമ്പ്‌ പിടിച്ചെടുത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. മേഖലയിലെ ഹമാസ്‌ സംഘത്തെ ഇല്ലാതാക്കിയതായും പറഞ്ഞു.

തെക്കൻ ഗാസയിലെ കടന്നാക്രമണം മാസങ്ങൾ നീളുമെന്ന്‌ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌ പറഞ്ഞു. തെക്കൻ മേഖലയിൽമാത്രം ചൊവ്വാഴ്ച 45 പേർ കൊല്ലപ്പെട്ടു.

റാഫയിലടക്കം തുടർ ബോംബാക്രമണമുണ്ടായി. വടക്കൻ മേഖലയിലെ ഹമാസ്‌ തുരങ്കങ്ങളിൽ സൈന്യം കടന്നതായും ഗാലന്റ്‌ പറഞ്ഞു.

റാഫയിൽ കൊല്ലപ്പെട്ടവരിൽ 17 ദിവസംമാത്രം പ്രായമായ അൽ അമിര ആയിഷ എന്ന പെൺകുഞ്ഞും രണ്ടുവയസ്സുള്ള സഹോദരനും ഉൾപ്പെടുന്നു.

ജനനം രജിസ്റ്റർ ചെയ്യുംമുമ്പാണ്‌ അമിരയുടെ മരണം. റാഫയിൽ ഇവരുടെ വീടുൾപ്പെടുന്ന മൂന്നുനില കെട്ടിടത്തിലേക്കുണ്ടായ ഇസ്രയേൽ ആക്രമണത്തിലാണ്‌ ഇവർ കൊല്ലപ്പെട്ടത്‌.

Leave a Comment

Your email address will not be published. Required fields are marked *