Timely news thodupuzha

logo

വാരാണസി കൂട്ടബലാത്സംഗം; ബി.ജെ.പിക്കാരായ പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ വിദ്യാത്ഥി പ്രതിഷേധത്തെ തുടർന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ബി.ടെക് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ബി.ജെ.പി നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌ ഗത്യന്തരമില്ലാതെ.

വിദ്യാർഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ്‌ വാരാണസിയിലെ ബി.ജെ.പി ഐ.റ്റി സെൽ കൺവീനർ കുനാൽ പാണ്ഡെ, കോ കൺവീനർ സാക്ഷാം പട്ടേൽ, ഐ.റ്റി സെല്ലിൽ സജീവ പ്രവർത്തകനായ അഭിഷേക്‌ ചൗഹാൻ എന്നിവരെ അറസ്റ്റ്‌ ചെയ്‌തത്‌.

നവംബർ ഒന്നിന്‌ പുലർച്ചെയാണ്‌ വാരാണസി ഐ.ഐ.റ്റി – ബനാറസ്‌ ഹിന്ദു സർവകലാശാല ക്യാമ്പസിൽ ബി.ടെക് വിദ്യാർഥിനിയെ ബി.ജെ.പി നേതാക്കൾ തോക്ക്‌ ചൂണ്ടി കൂട്ടബലാത്സംഗം ചെയ്ത്‌ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്‌. മണിക്കൂറുകൾക്കുള്ളിൽ പരാതി നൽകിയെങ്കിലും രണ്ടുമാസത്തിനുശേഷമാണ്‌ പൊലീസ്‌ പ്രതികളെ പിടികൂടിയത്‌.

സർവകലാശാല ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനി നവംബർ ഒന്നിന്‌ പുലർച്ചെ സുഹൃത്തിനൊപ്പം നടക്കാൻ ഇറങ്ങിയപ്പോഴാണ്‌ ബൈക്കിലെത്തിയ ബി.ജെ.പി നേതാക്കൾ കടന്നാക്രമിച്ചത്‌. സുഹൃത്തിനെ അടിച്ചുവീഴ്‌ത്തി.

യുവതിയെ കുറ്റിക്കാട്ടിലേക്ക്‌ വലിച്ചിഴച്ച്‌ പീഡിപ്പിക്കുകയായിരുന്നു. വാരാണസി ലങ്കാ പൊലീസ്‌ സ്റ്റേഷനിൽ വിദ്യാർഥിനി നൽകിയ പരാതിയിൽ ബലംപ്രയോഗിച്ച്‌ വിവസ്‌ത്രയാക്കൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ഐ.റ്റി നിയമത്തിലെ ചില വകുപ്പുകളും ചേർത്താണ്‌ പൊലീസ്‌ കേസെടുത്തത്‌.

നവംബർ എട്ടിന്‌ വിദ്യാർഥിനി മജിസ്‌ട്രേറ്റിന്‌ മൊഴി നൽകിയതോടെ കൂട്ടബലാത്സംഗം, സ്‌ത്രീത്വത്തെ അവഹേളിക്കൽ തുടങ്ങിയ കുറ്റങ്ങൾ കൂട്ടിച്ചേർത്തു.

ക്യാമ്പസിലെ സി.സി.റ്റി.വികളിലെ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ എളുപ്പത്തിൽ മനസ്സിലാക്കാനായിട്ടും അറസ്റ്റ്‌ ഇത്രയും താമസിപ്പിച്ചതെന്തിനെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്‌. ബി.ജെ.പിയുടെ ‘നാരീപൂജ’യുടെ മഹിമയാണ്‌ നിഷ്‌ഠുര കുറ്റകൃത്യങ്ങളിലൂടെ പുറത്തുവരുന്നതെന്ന്‌ പ്രതിപക്ഷം വിമർശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *