Timely news thodupuzha

logo

ശിവന്റെ ജടയെന്ന് സംഘപരിവാർ, പ്രതിഷേധം ഭയന്ന് മരത്തെ തൊട്ടില്ല, ഇന്ന് മോദിക്ക് സുരക്ഷയൊരുക്കന്നതിനായി വൃക്ഷം വെട്ടിമാറ്റി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട്‌ മൈതാനത്തിന്‌ ചുറ്റുമുള്ള പടുകൂറ്റൻ വൃക്ഷങ്ങളും ശിഖരങ്ങളും വെട്ടിമാറ്റി.

ബി.ജെ.പിയുടെ മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ ബുധൻ പകൽ മൂന്നിന്‌ തൃശൂരിലെത്തുന്ന മോദിക്ക്‌ സുരക്ഷയൊരുക്കുന്നതിന്റെ മറവിലാണ്‌ വൻ മരങ്ങൾ കൂട്ടത്തോടെ മുറിച്ചുമാറ്റുന്നത്.

തേക്കിൻകാട്‌ മൈതാനത്തെ മണികണ്‌ഠനാൽ, നടുവിലാൽ, നായ്‌ക്കനാൽ, വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിലെ ആൽ എന്നിവ പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും തൃശൂരിന്റെ പൈതൃക സൗന്ദര്യത്തിന്റെ അടയാളവുമാണ്‌.

ഇതിൽ നായ്‌ക്കനാൽ ജങ്‌ഷനിലെ ആലിന്റെ പ്രധാന ഭാഗങ്ങൾ വെട്ടി മാറ്റി. സ്വരാജ്‌ റൗണ്ടിനോട്‌ ചേർന്ന വൃക്ഷങ്ങളും ശിഖരങ്ങളും സുരക്ഷയുടെ പേരിൽ മുറിച്ചു മാറ്റിക്കൊണ്ടിരിക്കയാണ്‌. വേദിയുടെ എല്ലാ ഭാഗവും കെട്ടി മറച്ച്‌ കനത്ത പൊലീസ്‌ കാവലിലാണ്‌ വൃക്ഷങ്ങൾ വെട്ടിമാറ്റുന്നത്‌.

മുൻ കാലങ്ങളിൽ ചില സമ്മേളനങ്ങൾ നടത്തുമ്പോൾ, സുരക്ഷ കണക്കിലെടുത്ത്‌ ചില വൃക്ഷങ്ങളുടെ ചെറുചില്ലകൾ നീക്കം ചെയ്‌തതിന്‌ വൻ പ്രതിഷേധവുമായി ബി.ജെ.പി തന്നെ രംഗത്തെത്തിയിരുന്നു.

തേക്കിൻകാട്‌ മൈതാനത്തെ വൃക്ഷങ്ങൾ ശിവന്റെ ജടയാണെന്നും അത്‌ മുറിച്ചുമാറ്റുന്നത്‌ ആചാരലംഘനമാണെന്നും പറഞ്ഞ്‌ ചില സംഘപരിവാർ സംഘടനകളും അന്ന്‌ പ്രതിഷേധിച്ചിരുന്നു. ഇതിന്റെപേരിൽ കോടതിയെയും സമീപിച്ചിട്ടുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *