Timely news thodupuzha

logo

സഹകരണ നിക്ഷേപ സമാഹരണത്തിന് തുടക്കമായി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപസമാഹരണ യജ്ഞത്തിന്‌ തുടക്കമായി. സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു.

ഉദ്‌ഘാടനവേദിയിൽ വിവിധ ബാങ്കുകളിലായി മൂന്നര കോടിയുടെ നിക്ഷേപം ലഭിച്ചു. നിക്ഷേപകർക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്‌തു. വെല്ലുവിളികളെ അതിജീവിച്ച് പൂർണ സാമ്പത്തിക സുരക്ഷിതത്വം നിക്ഷേപകർക്ക് ഉറപ്പുനൽകാൻ സഹകരണ മേഖലയ്‌ക്ക്‌ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

നിക്ഷേപകരും സഹകാരികളും ഉൾപ്പെടെ ആവശ്യപ്പെട്ടതനുസരിച്ച്‌ 0.5 മുതൽ 0.75 ശതമാനംവരെ സഹകരണ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ വർധിപ്പിച്ചു. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് സഹകരണ മേഖലയാണ് ഉയർന്ന പലിശ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

പി.എ.സി.എസ് അസോസിയേഷൻ പ്രസിഡന്റ് വി ജോയി അധ്യക്ഷനായി. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ റ്റി.വി സുഭാഷ്, ഓഡിറ്റ് ഡയറക്ടർ എം.എസ് ഷെറിൻ, കൗൺസിലർ രാഖി രവികുമാർ, സി.എൻ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഫെബ്രുവരി 10 വരെയാണ്‌ നിക്ഷേപ സമാഹരണയജ്ഞം. പുതുക്കിയ പലിശനിരക്കിലാണ്‌ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്‌. പ്രാഥമിക സഹകരണസംഘങ്ങളിൽ 91 ദിവസം മുതൽ 179 ദിവസം വരെ 7.50 ശതമാനം, 180 ദിവസം മുതൽ 364 ദിവസം വരെ 7.75 ശതമാനം, ഒരു വർഷം മുതൽ രണ്ടുവർഷംവരെ 9 ശതമാനം, രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്‌ക്ക് 8.75 ശതമാനം വരെയുമാണ്‌ പുതുക്കിയ പലിശ.

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങൾക്ക്‌ 91 ദിവസം മുതൽ 179 ദിവസം വരെ 6.75 ശതമാനം, 180 ദിവസം മുതൽ 364 ദിവസം വരെ 7.25 ശതമാനം, ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8 ശതമാനം, രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്‌ക്ക് 7.75 ശതമാനം എന്നിങ്ങനെയാണ്‌ പുതുക്കിയ പലിശ.

Leave a Comment

Your email address will not be published. Required fields are marked *