Timely news thodupuzha

logo

പി.കെ വീരമണിദാസന് ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു

പത്തനംതിട്ട: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പി.കെ വീരമണിദാസന് സമ്മാനിച്ചു. ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി കെ രാധാകൃഷ്ണനാണ് പുരസ്‌കാരം നല്‍കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

സര്‍വമത സാഹോദര്യം, സമഭാവന, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്. ആറായിരത്തിലധികം ഭക്തിഗാനങ്ങള്‍ വീരമണി ദാസന്‍ ആലപിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പ ഭക്തി ഗാനങ്ങള്‍.

ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മീഷണര്‍ സി.എന്‍ രാമന്‍, പ്രൊഫ. പാല്‍കുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2012 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ഹരിവരാസനം പുരസ്കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് അദ്ദേഹമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഏതെങ്കിലും സ്വാധീനത്തിന്റെ അടിസ്ഥാനത്തിലല്ല, കഴിവും അർഹതയും മാത്രം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയത്.

തമിഴ്നാട്ടുകാരനായ വീരമണിദാസൻ തമിഴ് ഭാഷയുടെ ശക്തിയും ഓജസ്സും നമുക്ക് കാട്ടിത്തന്ന ആളാണ്. അത് കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ ആറായിരത്തോളം ഭക്തി ഗാനങ്ങളും പാടിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ആദ്യപുരസ്കാരമാണിത്. പത്മശ്രീ ഉൾപ്പെടെയുള്ള വലിയ പുരസ്കാരങ്ങളിലേക്കുള്ള തുടക്കമാവട്ടെ ഇതെന്നും മന്ത്രി ആശംസിച്ചു.

ഈ പുരസ്കാരം ലഭിച്ചതോടെ താൻ മഹത്വവത്കരിക്കപ്പെട്ടെന്നും ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണിതെന്നും മുൻവർഷ ഹരിവരാസനം പുരസ്കാര ജേതാവ് ആലപ്പി രംഗനാഥ് പറഞ്ഞിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ പ്രധാന്യം ഭക്തരിലെത്തിക്കുന്നവരെ ആദരിക്കുന്നതിനായാണ് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *