Timely news thodupuzha

logo

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശരദ് പവാർ

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. എന്നാൽ, ക്ഷേത്ര നിർമാണം പൂർത്തിയായതിന് ശേഷം സന്ദർശനം നടത്തുമെന്നും പവാർ വ്യക്തമാക്കി.

അയോധ്യയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനെ രാമഭക്തർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ശരദ് പവാർ പറഞ്ഞു.

ഈ ചടങ്ങിന്‍റെ സന്തോഷം അവരിലൂടെ എന്നിലേക്കെത്തും. ജനുവരി 22ന് ശേഷം ക്ഷേത്രം സന്ദർശിക്കുക കൂടുതൽ എളുപ്പമായിരിക്കും. ആ സമയത്ത് അയോധ്യ സന്ദർശിക്കുകയും ഭക്തിയോടെ രാമനെ വണങ്ങുകയും ചെയ്യണം.

അപ്പോഴേക്കും രാമക്ഷേത്രത്തിന്‍റെ നിർമാണവും പൂർത്തിയാകുമെന്നും ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കയച്ച കത്തിൽ ശരദ് പവാർ വ്യക്തമാക്കി.

ഇൻഡ്യ സഖ്യത്തിലെ മറ്റ് കക്ഷികൾ രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന തീരുമാനമെടുത്തതിന് പിന്നാലെയാണ് എൻ.സി.പി അധ്യക്ഷനും തീരുമാനം കൈക്കൊണ്ടത്.

നേരത്തെ, കോൺഗ്രസ്, തൃണമൂൽ, ശിവസേന ഉദ്ധവ് വിഭാഗം, സി.പി.എം, സി.പി.ഐ തുടങ്ങിയ കക്ഷികൾ രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ബി.ജെ.പിയും ആർ.എസ്.എസും രാമക്ഷേത്രത്തെ രാഷ്ട്രീയപ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇൻഡ്യയിലെ സഖ്യകക്ഷികൾ ക്ഷണം നിരസിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *