Timely news thodupuzha

logo

എസ് ഈശ്വരൻ സിംഗപ്പൂർ മന്ത്രിസ്ഥാനം രാജി വച്ചു

സിംഗപ്പൂർ: അഴിമതി ആരോപണത്തിൽ കേസെടുത്തതിനെ തുടർന്ന് ഇന്ത്യൻ വംശജനായ എസ് ഈശ്വരൻ സിംഗപ്പൂരിലെ മന്ത്രിസ്ഥാനം രാജി വച്ചു.

61കാരനായ ഈശ്വരൻ സിംഗപ്പൂരിലെ ഗതാഗത മന്ത്രിയായിരുന്നു. പാർ‌ലമെന്‍റ് അംഗത്വവും ഈശ്വരൻ രാജി വച്ചിട്ടുണ്ട്. അഴിമതി ആരോപണത്തെ തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ജൂലൈ 11ന് ഈശ്വരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

പ്രമുഖ വ്യവസായിയായ ഓങ് ബെങ് സെങ്ങുമായുള്ള ഇടപാടുകളാണ് ഈശ്വരന്‍റെ അറസ്റ്റിനു കാരണമായത്. സിംഗപ്പൂരിലെ ഗ്രാൻഡ് പ്രിക്സിന്‍റെ അധികാരം ഉറപ്പാക്കുന്നതിനായി ഓങ് ബെങ്ങിൽ നിന്ന് 60,000 സിംഗപ്പൂർ ഡോളർ കൈക്കൂലിയായി വാങ്ങിയെന്നാണ് ഈശ്വരനെതിരേയുള്ള ആരോപണം.

ഇതിനു പുറമേ 218,000 സിംഗപ്പൂർ ഡോളർ വില വരുന്ന വിവിധ വസ്തുക്കൾ സമ്മാനമായി കൈപ്പറ്റിയതിന്‍റെ പേരിൽ 24 ചാർജുകളാണ് ചുമത്തിയിരിക്കുന്നത്.

ജനുവരി 16നാണ് ഈശ്വരൻ രാജിക്കത്ത് പ്രധാനമന്ത്രി ലീ സീൻ ലൂങ്ങിനു കൈമാറിയത്. തനിക്കെതിരേയുള്ള ആരോപണങ്ങളെയെല്ലാം ഈശ്വരൻ തള്ളിയിട്ടുണ്ട്.

എനിക്കെതിരേയുള്ള ആരോപണങ്ങളെയെല്ലാം ഞാൻ തള്ളിക്കളയുന്നു. ഇപ്പോൾ എന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ രാജിയാണ് ശരിയായ തീരുമാനമെന്നു കരുതുന്നുവെന്നാണ് ഈശ്വരൻ കത്തിൽ എഴുതിയിരിക്കുന്നത്. ജനുവരി 17ന് 2023 ജൂലൈ മുതൽ ഇതു വരെ മന്ത്രിയെന്ന രീതിയിൽ കൈപ്പറ്റിയ ആനുകൂല്യങ്ങളും ശമ്പളവും തിരികെ നൽകുന്നുവെന്നു കാണിച്ച് പ്രധാനമന്ത്രിക്ക് മറ്റൊരു കത്തു കൂടി നൽകിയിട്ടുണ്ട്.

ചീ ഹോങ് ടാറ്റായിരിക്കും സിംഗപ്പൂരിലെ പുതിയ ഗതാഗത മന്ത്കിര. 2021 മേയിലാണ് ഈശ്വരൻ സിംഗപ്പൂരിലെ ഗതാഗത മന്ത്രിയായി അധികാരമേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *