Timely news thodupuzha

logo

ഭൂമി അഴിമതി കേസ്; ഝാർഖണ്ഡ് മുഖ്യമന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി ചോദ്യം ചെയ്യുന്നു. ഭൂമി അഴിമതി കേസുമായി ബന്ധുപ്പെട്ടാണ് സോറനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫിസിലും സുരക്ഷ ശക്തമാക്കി.

1000 സുരക്ഷാ ജീവനക്കാരെ വിന്യസിച്ചു കൊണ്ടു മൂന്ന് അടരുകളായാണ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇ.ഡി ഓഫിസിനും കനത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

ചോദ്യം ചെയ്യൽ കഴിയുന്നതു വരെ മുഖ്യമന്ത്രിയുടെ വസതിക്കു സമീപത്ത് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഭൂ അഴിമതിക്കേസിൽ ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ചോദ്യം ചെയ്യലിനു തയാറാകണമെന്നു കാണിച്ചു കൊണ്ടാണ് ഇ.ഡി സമൻസ് അയച്ചിരുന്നത്.

ജനുവരി 20ന് സ്വവസതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സോറൻ മറുപടി നൽകി. ഇതു പ്രകാരമാണ് ഇ.ഡി ഉദ്യോഗസ്ഥൻ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഗോത്രവിഭാഗത്തിൽ പെട്ട നിരവധി പേർ പ്രതിഷേധം നടത്തുന്നുണ്ട്. സോറനെതിരേയുള്ള നടപടികൾ നിർത്തി വച്ചില്ലെങ്കിൽ മറ്റൊരു വിപ്ലവത്തിന് സാക്ഷിയാകേണ്ടി വരുമെന്നാണ് ഇവരുടെ ഭീഷണി.

ഝാർഖണ്ഡ് മുക്തിമോർച്ച എക്സിക്യൂട്ടീവ് പ്രസിഡന്‍റ് കൂടിയായ സോറൻ ഏഴ് തവണയാണ് ഇ.ഡിയുടെ സമൻസ് അവഗണിച്ചത്. സോറനെതിരേയുള്ള നടപടിയിൽ പ്രതിഷേധിച്ച് ജെ.എം.എം സമരം പ്രഖ്യാപിച്ചിരുന്നു. ഭൂമി അഴിമതിക്കേസിൽ ഇതുവരെ 14 പേരെയാണ് ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *