Timely news thodupuzha

logo

ബിൽക്കിസ്‌ ബാനു കേസ്; പതിനൊന്ന് പ്രതികളും കീഴടങ്ങി

ന്യൂഡൽഹി: ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾ പൊലീസിനു മുന്നിൽ കീഴടങ്ങി. സുപ്രീംകോടതി നിർദേശിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിലെത്തി 11 പ്രതികളും കീഴടങ്ങിയത്.

ജനുവരി 21ന് അർദ്ധരാത്രിക്ക് മുമ്പ് കീഴടങ്ങാനായിരുന്നു സുപ്രീംകോടതി നിർദേശം. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ രണ്ട് സ്വകാര്യ വാഹനങ്ങളിലായി ഗോദ്ര സബ് ജയിലിൽ എത്തിയത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ ജീവപര്യന്തം തടവ് ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സർക്കാരിന്റെ നടപടി ജനുവരി എട്ടിനാണ് സുപ്രീം കോടതി റദ്ദാക്കിയത്.

2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും സി.പി.ഐ(എം) നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും നൽകിയ ഹർജികളിലാണ് കോടതി വിധിപറഞ്ഞത്.

രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്നായിരുന്നു ജനുവരി എട്ടിന് സുപ്രിംകോടതി നൽകിയ നിർദ്ദേശം. കീഴടങ്ങാൻ ഒരുമാസം സാവകാശം തേടിയെങ്കിലും കുറ്റവാളികളുടെ ആവശ്യം സുപ്രിംകോടതി തള്ളി.

കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രിംകോടതി വിധി. ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് പ്രതികൾ.

2008 ജനുവരി 21ന് മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.

Leave a Comment

Your email address will not be published. Required fields are marked *