കൊച്ചി: മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം ആരംഭിച്ചു. സി.എം.ആർ.എല്ലിന്‍റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ രാവിലെ ഒമ്പത് മുതൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ പരിശോധന ആരംഭിച്ചു.
എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലാണ് പരിശോധന. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ അന്വേഷണം ഇ.ഡിയ്ക്കും സി.ബി.ഐയ്ക്കും കൈമാറാൻ എസ്.എഫ്.ഐ.ഒയ്ക്ക് കഴിയും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം.
ആദായനികുതി ഇൻട്രിം സെറ്റിൽമെന്‍റ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സി.പി.എം പിന്തുണ.
എക്സാലോജിക് – സി.എം.ആർഎൽ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയ പ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്.