Timely news thodupuzha

logo

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇടുക്കി: ഒരുമിക്കാം വൃത്തിയാക്കാമെന്ന പേരിൽ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലാ ശുചിത്വ മിഷൻ ജില്ലാ ശുചിത്വമിഷൻ, മരിയൻ കോളേജ് കുട്ടിക്കാനം, ഡി.റ്റി.പി.സി ഇടുക്കി, ഏലപ്പാറ ഗ്രാമപഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സംയുക്‌ത ആഭിമുഖ്യത്തിൽ ആരംഭിച്ചു. ജില്ലാ കളക്ടർ ഷീബാ ജോർജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് അധ്യക്ഷത വഹിച്ചു.

കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ശുചീകരണ പ്രവർത്തനങ്ങളിൽ നമുക്ക് മുന്നേറാനാകൂവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു. വിദ്യാർഥികളും തൊഴിലാളികളും പൊതുജനങ്ങളും ഒരുമിക്കുന്ന ശുചീകരണ കാമ്പയ്ൻ ഇടുക്കിയിൽ വലിയ മാറ്റങ്ങൾക്ക് വഴി തെളിക്കും. ജില്ലയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച സഞ്ചാര അനുഭവം നൽകാൻ നമുക്ക് കഴിയണം. സഞ്ചാരികളും നാട്ടുകാരും ശുചിത്വ പരിപാലനത്തിൽ ഒരുപോലെ ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേർത്തു.

കുട്ടിക്കാനം മരിയൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജോബി സിറിയക് ആമുഖ പ്രഭാഷണവും അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി മുഖ്യപ്രഭാഷണവും നടത്തി. പരിപാടിയിൽ കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ ശുചിത്വമിഷന്റെ അസിസ്റ്റന്റ് ഡയറക്ടറും ജില്ലാ കോ ഓർഡിനേറ്ററുമായ ഭാഗ്യരാജ് കെ.ആർ, ത്രിതല പഞ്ചായത്ത്‌ പ്രധിനിധികൾ, ഹരിതകർമ്മ സേനാ അംഗങ്ങൾ, വിവിധ സംഘടനകൾ, കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നുള്ള ഇരുന്നൂറോളം കുട്ടികളും അധ്യാപകരും, പൊതുജനങ്ങൾ തുടങ്ങിയവർ ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *