Timely news thodupuzha

logo

ദേശീയ പുരസ്കാര ജേതാവ് കാസമ്മാളെ മകൻ അടിച്ചു കൊലപ്പെടുത്തി

മധുര: ദേശീയ പുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ സിനിമയില്‍ അമ്മയായി അഭിനയിച്ച കാസമ്മാള്‍(71) മകന്റെ അടിയേറ്റു മരിച്ചു. മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം.

മദ്യപിക്കാന്‍ പണംചോദിച്ച് വഴക്കിടുന്നതിനിടയില്‍ അമ്മയെ മകന്‍ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാള്‍ തത്ക്ഷണം മരിച്ചതായുമാണ് പൊലീസ് റിപ്പോര്‍ട്ട്.

69ആം ദേശീയ പുരസ്‌കാരം നേടിയ ‘കടൈസി വ്യവസായിയെന്ന’ സിനിമയില്‍ കാസമ്മാള്‍ ശ്രദ്ധ നേടിയിരുന്നു. വിജയ് സേതുപതിയും നല്ലാണ്ടിയെന്ന 85കാരനും പ്രധാന വേഷം കൈകാര്യം ചെയ്ത ‘കടൈസി വ്യവസായി’യില്‍ ഒട്ടേറെ ഗ്രാമീണര്‍ അഭിനേതാക്കളായി.

ഇവരിൽ വിജയ് സേതുപതിയുടെ അമ്മയായാണ് കാസമ്മാള്‍ രംഗത്ത് വന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കാസമ്മയെ വിളിച്ചുണര്‍ത്തി പതിവു പോലെ മദ്യം കുടിക്കാന്‍ പണം ആവശ്യപ്പെട്ടു.

പണം നല്‍കാന്‍ വിസമ്മതിച്ച കാസമ്മാളിനെ മകന്‍ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാസമ്മാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

എം മണികണ്ഠന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രമാണ് കടൈസി വ്യവസായി. 85 വയസ്സുള്ള ശുദ്ധനായ ഒരു കര്‍ഷകനെ കുറിച്ചാണ് സിനിമ പറയുന്നത്.

കാര്‍ഷിക ജീവിതത്തിന്റെ നിഷ്‌കളങ്കതയും ആചാര വിശ്വാസങ്ങളും ആധുനിക സമൂഹവുമായി വൈരുദ്ധ്യത്തിലാവുന്ന കഥാ തന്തുവാണ്. വിജയ് സേതുപതിക്ക് പുറമെ, അന്തരിച്ച നടന്‍ നല്ലാണ്ടി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തിയത്.

യോഗി ബാബുവും വേഷമിട്ടു. മണികണ്ഠന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചത്. മികച്ച തമിഴ് ചിത്രമായാണ് കടൈസി വ്യവസായി തെരഞ്ഞെടുക്കപ്പെട്ടത്.

ബാല്‍സാമി-കാസമ്മാള്‍ ദമ്പതിമാര്‍ക്ക് നമകോടിയുള്‍പ്പെടെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങി പിരഞ്ഞ് നമകോടി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *