Timely news thodupuzha

logo

വിശ്വാസവോട്ട്‌ 12ന്‌; ബിഹാറിൽ എം.എൽ.എമാരെ 
ഒളിപ്പിച്ച്‌ ബി.ജെ.പി

ന്യൂഡൽഹി: മറ്റ്‌ പാർടികളിൽ നിന്ന്‌ എം.എൽ.എമാരെ ചാക്കിട്ടുപിടിച്ച്‌ അധികാരത്തിൽ നുഴഞ്ഞു കയറുന്നത്‌ പതിവാക്കിയ ബി.ജെ.പി ബിഹാറിൽ സ്വന്തം പാളയം കാക്കാൻ പാടുപെടുന്നു.

പന്ത്രണ്ടിന്‌ നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വിശ്വാസവോട്ട്‌ തേടാനിരിക്കേ 78 ബി.ജെ.പി എം.എൽ.എമാരെ ബോധ്‌ഗയ ജില്ലയിലെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റി.

രണ്ടു ദിവസത്തെ പരിശീലനം എന്നാണ്‌ ഔദ്യോഗിക ഭാഷ്യം. ഉപമുഖ്യമന്ത്രി സാമ്രാട്ട്‌ ചൗധരിയാണ്‌ എം.എൽ.എമാരെ മാറ്റുന്നത്‌ സ്ഥിരീകരിച്ചത്‌.

ആർ.ജെ.ഡിയും തേജസ്വി യാദവും കുതിര കച്ചവടത്തിന്‌ ശ്രമിക്കുന്നെന്ന്‌ ചൗധരി ആരോപിച്ചതിന്‌ തൊട്ടു പിന്നാലെ എം.എൽ.എമാരെ മാറ്റിയത്‌ ബി.ജെ.പിയുടെ ആത്മവിശ്വാസമില്ലായ്മ വ്യക്തമാക്കുന്നു.

കോൺഗ്രസിന്റെ എം.എൽ.എമാർ ഹൈദരാബാദിലാണുള്ളത്‌. 11ന്‌ രാത്രി മാത്രമേ ബി.ജെ.പി എം.എൽ.എമാരും പട്‌നയിലെത്തൂ. വീഡിയോ കോൺഫറൻസ്‌ വഴി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ബി.ജെ.പി എം.എൽ.എമാർക്ക്‌ പരിശീലനം നൽകും.

നിതീഷിന്റെ എൻ.ഡി.എ പ്രവേശനത്തോട്‌ യോജിപ്പില്ലാത്ത ഒരു വിഭാഗം എം.എൽ.എമാരെ അനുനയിപ്പിക്കുകയാണ്‌ ലക്ഷ്യം. പതിനേഴ്‌ ജെഡിയു എം.എൽ.എമാർ കൂറുമാറുമെന്ന അഭ്യൂഹവും ശക്തമാണ്‌.

ഇതോടെ 11ന്‌ നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർത്തിരിക്കുകയാണ്‌ നിതീഷ്‌ കുമാർ. നേരത്തെ എൻ.ഡി.എ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാംമോർച്ച നിതീഷിനെ വിമർശിച്ച്‌ രംഗത്തെത്തയിരുന്നു.

എൽ.ജെ.പി(രാംവിലാസ്‌) നേതാവ്‌ ചിരാഗ്‌ പാസ്വാൻ ജെ.ഡി.യുവിന്റെ നാല് സീറ്റിലടക്കം 11 ലോക്‌സഭാ സീറ്റിൽ ചുമതലക്കാരെ നിയമിച്ചതും എൻ.ഡി.എ ക്യാമ്പിൽ കൂടുതൽ അസ്വാരസ്യമുണ്ടാക്കി.

Leave a Comment

Your email address will not be published. Required fields are marked *