Timely news thodupuzha

logo

പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; കുട്ടിയെയും അമ്മയെയും ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി തിരികെ ലഭിച്ച ബിഹാർ സ്വദേശിനിയായ കുഞ്ഞിനെയും അമ്മയെയും ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ സുരക്ഷിതകേന്ദ്രത്തിലേക്ക്‌ മാറ്റി.

വഞ്ചിയൂരിലെ അത്താണിയിലാണ്‌ ഇവർക്ക്‌ സുരക്ഷിത താമസമൊരുക്കിയത്‌. പൊലീസ്‌ നിർദേശാനുസരണമാണ്‌ നടപടി. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്‌.

അമ്മയ്ക്കും കുഞ്ഞിനും മാനസിക ധൈര്യം വീണ്ടെടുക്കാനുള്ള കൗൺസലിങ്‌ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നൽകും. ശേഷം അവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

കുഞ്ഞിന്റെ മൂത്തസഹോദരങ്ങൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്‌. പരിശോധനാഫലങ്ങളിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന്‌ കണ്ടെത്തിയതോടെയാണ്‌ എസ്‌.എ.റ്റി ആശുപത്രിയിൽ നിന്ന്‌ ഷെൽട്ടർഹോമിലേക്ക്‌ മാറ്റിയത്‌. അന്വേഷണം പൂർത്തിയായശേഷമേ ഇവരെ തിരുവനന്തപുരത്തു നിന്ന്‌ പോകാൻ അനുവദിക്കൂ.

എന്നാൽ, കുഞ്ഞിനെയും അമ്മയെയും തങ്ങളോടൊപ്പം വിടണമെന്നാവശ്യപ്പെട്ട്‌ ബന്ധുക്കൾ എസ്‌എടി ആശുപത്രിക്കുമുന്നിൽ ബഹളമുണ്ടാക്കി. അഞ്ച്‌ സ്‌ത്രീകളും രണ്ട്‌ പുരുഷന്മാരുമടങ്ങുന്ന സംഘം കൈക്കുഞ്ഞുങ്ങളുമായിട്ടാണ്‌ ആശുപത്രിയിലെത്തിയത്‌. പൊലീസ്‌ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലും അവർ പ്രതിഷേധിച്ചു.

മകളുടെ ജനനസംബന്ധമായ രേഖകൾ തങ്ങളുടെ പക്കൽ ഇല്ലെന്ന്‌ അച്ഛനും അമ്മയും അറിയിച്ചതോടെ ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ്‌.

ഇതിനായി കുട്ടിയുടെയും മാതാപിതാക്കളുടെയും രക്ത സാമ്പിൾ ശേഖരിച്ചു. കുട്ടിയുടെ ബന്ധുക്കളെ ബുധനാഴ്‌ചയും ചോദ്യം ചെയ്‌തിരുന്നു. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചുമുള്ള അന്വേഷണം തുടരുകയാണ്‌.

Leave a Comment

Your email address will not be published. Required fields are marked *