Timely news thodupuzha

logo

പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

തലശേരി: കൂത്തുപറമ്പ്‌ പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്‌പന്റെ ഫോട്ടോ മോർഫ്‌ ചെയ്‌തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യറിനെതിരെ പൊലീസ്‌ കേസെടുത്തു.

കെ.എസ്‌.യുവിന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ മാസം ആറിനാണ്‌ ഫോട്ടോ ദുരുപയോഗം ചെയ്‌തു പ്രചരിപ്പിച്ചത്‌. കോൺഗ്രസിന്റെ സമൂഹമാധ്യമ ഹാൻഡിലുകളും ഇത്‌ വ്യാപകമായി ഷെയർ ചെയ്‌തു.

സ്വകാര്യ സർവകലാശാല വിഷയത്തിലായിരുന്നു അലോഷ്യസിന്റെ വിവാദ പോസ്‌റ്റ്‌. യുഡിഎഫ്‌ സർക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനും സർക്കാർ ഭൂമി നിയമ വിരുദ്ധമായി കൈമാറുന്നതിനും എതിരായ യുവജനപോരാട്ടത്തിനിടെ 1994 നവംബർ 25നാണ്‌ പുഷ്‌പന്‌ വെടിയേറ്റത്‌.

ശരീരം തളർന്ന്‌ 30 വർഷമായി കിടപ്പിലായ പുഷ്‌പന്റെ ഫൊട്ടോയാണ്‌ വ്യാജ പ്രചാരണത്തിന്‌ കെഎസ്‌യു നേതാവ്‌ ദുരുപയോഗിച്ചത്‌. ഫോട്ടോ മോർഫ്‌ ചെയ്‌തുള്ള വ്യാജ പ്രചാരണത്തിലൂടെ നാട്ടിൽ ലഹളയുണ്ടാക്കാനായിരുന്നു ശ്രമം.

കൂത്തുപറമ്പ്‌ സമരത്തിൽ ഡി.വൈ.എഫ്‌, എസ്.എഫ്‌.ഐ നേതാക്കളായ കെ.കെ രാജീവൻ, കെ.വി റോഷൻ, ഷിബുലാൽ, ബാബു, മധു തുടങ്ങിയ അഞ്ചു പേരെയാണ്‌ യു.ഡി.എഫ്‌ സർക്കാർ വെടിവെച്ചു കൊന്നത്‌.

വെടിയുണ്ട ഉപയോഗിച്ച്‌ സമരത്തെ നേരിട്ട വലതു രാഷ്‌ട്രീയത്തിന്റെ പിന്മുറക്കാരാണ്‌ ജന ലക്ഷങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ പുഷ്‌പന്റെ ഫൊട്ടോ മോർഫ്‌ ചെയ്‌ത്‌ അധിക്ഷേപിക്കുന്നത്.

പുഷ്‌പന്റെ പരാതിയിൽ ഐപിസി 153(ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം), കേരള പൊലീസ്‌ ആക്‌ട്‌ 120 വകുപ്പുകൾ പ്രകാരമാണ്‌ ചൊക്ലി പൊലീസ്‌ കേസെടുത്തത്‌.

Leave a Comment

Your email address will not be published. Required fields are marked *