Timely news thodupuzha

logo

പത്മജ ബി.ജെ.പിയിലെത്തുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല; അനില്‍ ആന്റണി

പത്തനംതിട്ട: പത്മജ ബി.ജെ.പിയിലെത്തുന്നത് ഒരു ഉപാധിയുമില്ലാതെയെന്ന് അനില്‍ ആന്റണി. പത്മജ വേണുഗോപാല്‍ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നത്തിന്റെ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ പ്രതികരണം.

സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല മറിച്ച് രാഷ്ട്ര പുനര്‍നിര്‍മാണത്തിന് നരേന്ദ്രമോദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് എത്തുന്നതെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇനിയും ആളുകള്‍ എത്തുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസില്‍ നിന്ന് പത്മജ അവഗണന നേരിട്ടുവെന്നതിനെ കുറിച്ച് അറിയില്ല. അവര്‍ അങ്ങനെ പറയുന്നത് കേട്ടു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളെ കുറിച്ച് പറയേണ്ട കാലം കഴിഞ്ഞെന്നും സ്ഥാനമാനങ്ങള്‍ മോഹിച്ചോ ഉപധികളോടെയോ ആരും ബിജെപിയിലേക്ക് വരാറില്ലെന്നും അനിൽ ആന്റണി പറഞ്ഞു.

പത്മജയുടെ സ്ഥാനാർഥിത്വത്തെ കുറിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നത് കേന്ദ്രകമ്മിറ്റിയാണ്. അക്കാര്യത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പത്മജ വേണുഗോപാൽ ഇന്ന് ബി.ജെ.പിയിൽ ചേരും. ഡൽഹിയിൽ എത്തിയ പദ്മജ ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ തവണ തൃശൂരിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായിരുന്നു പത്മജ.

ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നുവെങ്കിലും ഫെയ്സ്ബുക്കിലൂടെ പത്മജ ഇക്കാര്യം തള്ളിയിരുന്നു. അതിനു പിന്നാലെയാണ് പാർട്ടി വിടുന്നയി സ്ഥിരീകരിച്ചത്.

ഉച്ചയ്ക്ക് പങ്കുവെച്ച പോസ്റ്റ് വൈകിട്ടോടെ നീക്കം ചെയ്യുകയായിരുന്നു. കൂടാതെ ഫെയ്സ്ബുക്ക് ബയോയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.

ബിജെപിയിൽ ചേരുമോ എന്നുള്ള ഒരു ചാനലിന്‍റെ ചോദ്യത്തിന് തമാശയായാണ് മറുപടി നൽകിയത്. അത് ഇങ്ങനെ വ്യാഖ്യാനിക്കുമെന്ന് കരുതിയില്ലെന്നാണ് പത്മജ ഫെയ്സ് ബുക്കിൽ കുറിച്ചിരുന്നത്.

കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തിൽ പദ്‍മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയത്. കെ കരുണാകരന്റെ സ്മാരകം നിർമിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.

കോൺഗ്രസ് തന്നെ നിരന്തരമായി അവഗണിക്കുന്നതായി പത്മജ ആരോപിച്ചിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക പുറത്തു വരാൻ ഇരിക്കേയാണ് പത്മജയുടെ കാലുമാറ്റം.

Leave a Comment

Your email address will not be published. Required fields are marked *