Timely news thodupuzha

logo

ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണയിക്കണമെന്ന് ജി.എസ്.റ്റി കമ്മിഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ടു തട്ടിലുള്ള നികുതി വേണമെന്ന് ജി.എസ്.റ്റി കമ്മിഷണറുടെ ശുപാർശ. ആൽക്കഹോളിന്‍റെ അംശം അനുസരിച്ച് രണ്ട് സ്ലാബുകളിൽ നികുതി നിർണയിക്കണം എന്നാണ് ശുപാർശ. മദ്യ ഉത്പാദകരുടെ ആവശ്യം അനുസരിച്ചാണ് വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കാനുള്ള നീക്കം സർക്കാർ തുടങ്ങിയത്.

വീര്യം കുറഞ്ഞ മദ്യ നിർമാണമെന്ന ആവശ്യവുമായി നിരവധി മദ്യ കമ്പനികളാണ് സർക്കാരിനെ സമീപിച്ചിട്ടുള്ളത്. കെയ്സിന് 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 251 ശതമാനവും 400 രൂപയ്ക്ക് താഴെയുള്ള മദ്യത്തിന് 245 ശതമാനവുമാണ് നിലവിലെ വിൽപ്പന നികുതി.

വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് സ്ലാബുകള്‍ വേണമെന്ന ആവശ്യം അംഗീകരിച്ചാൽ മദ്യനികുതിയിൽ നാല് സ്ലാബുകളാകും. സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ 2022ലെ മദ്യ നയത്തിന്‍റെ ചുവട് പിടിച്ചാണ് കുറഞ്ഞ വീര്യമുള്ള മദ്യം പുറത്തിറക്കാനുള്ള നീക്കം.

വീര്യം കുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു നയം. സംസ്ഥാനത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിൽ 42.86 ശതമാനം ആൽക്കഹോളുണ്ട്. 0.5 മുതൽ 20 ശതമാനം വരെ ആൽക്കഹോള്‍ അംശമുള്ള മദ്യം പുറത്തിറക്കാനാണ് മദ്യ ഉത്പാദകരുടെ ആവശ്യം.

ഇതിൽ 0.5 ശതമാനം മുതൽ 10 ശതമാനം വരെ ആൽക്കഹോള്‍ അംശമുള്ള ബ്രാൻഡും 10 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോളുള്ള മറ്റൊരു ബ്രാൻഡുമായിരിക്കും പുറത്തിറക്കുക.

10 ശതമാനം വരെയുള്ള ബ്രാൻഡിന് 120 ശതമാനം ജിഎസ്ടി നികുതിയും, 10 മുതൽ 20 ശതമാനം ആൽക്കഹോളുള്ള ബ്രാൻഡുകള്‍ക്ക് 175 ശതമാനം നികുതിയും ചുമത്താമെന്നാണ് ജിഎസ്ടി കമ്മിഷണറുടെ ശുപാർശ. ഇതു സർക്കാരിന് കൈമാറി.

എത്ര ശതമാനം വേണമെന്ന് അന്ത്യമ തീരുമാനെടുക്കേണ്ടത് നികുതി വകുപ്പാണ്. നികുതി 80 ശതമാനമാക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാല്‍ അത്രയും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായേക്കില്ല.

ഐ.റ്റി, ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും വീര്യം കുറഞ്ഞ മദ്യം വേണമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്.

പരമ്പരാഗത കശുവണ്ടി, മരച്ചീനി കര്‍ഷകര്‍ക്ക് ഇത് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാൽ വൻകിട കമ്പനികളുടെ ഇടപെടലെത്തിയതോടെ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നത് കണ്ടറിയണം.

Leave a Comment

Your email address will not be published. Required fields are marked *