Timely news thodupuzha

logo

കെ.പി.ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി

തൊടുപുഴ: ഇടുക്കി പ്രസക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.പി.ഗോപിനാഥിന്റെ 16-ാമതു അനുസ്മരണവും അവാര്‍ഡ് ദാനവും 11നു പ്രസ്‌ക്ലബ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.ഗോപിനാഥിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 2024-ലെ മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ മലപ്പുറം യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ ടി.അജീഷ് അര്‍ഹനായി. 2023 നവംബറില്‍ മനോരമ സണ്‍ഡേ സപ്ലിമെന്റില്‍  പ്രസിദ്ധീകരിച്ച ആനയും ഷബ്‌നയും ഒരു സ്‌നേഹചങ്ങല എന്ന ഫീച്ചറിനാണ് അവാര്‍ഡ്. രാവിലെ 11.30നു ചേരുന്ന സമ്മേളനത്തില്‍  പോലീസ് മുന്‍ ഐജി എസ്.ഗോപിനാഥ് ഐപിഎസ് അനുസ്മരണ പ്രഭാഷണവും അവാര്‍ഡ് ദാനവും നിര്‍വഹിക്കും. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. ഡീന്‍ കുര്യാക്കോസ് എംപി യോഗം ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ സ്വാഗതവും ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍ നന്ദിയും പറയും. ദീപിക മുന്‍ അസോസിയേറ്റ് എഡിറ്റര്‍ റ്റി.സി.മാത്യു, ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ ആര്‍.സാംബന്‍, മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ടി.അരുണ്‍കുമാര്‍ എന്നിവരടങ്ങുന്ന അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തില്‍ പ്രസക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, വൈസ് പ്രസിഡന്റുമാരായ എം.ബിലീന, അഫ്‌സല്‍ ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി പി.കെ.ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

ടി.അജീഷ്

മലയാള മനോരമ മലപ്പുറം യൂണിറ്റില്‍ ചീഫ് സബ് എഡിറ്റര്‍. പത്രപ്രവര്‍ത്തനത്തിന് പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ദേശീയ പുരസ്‌കാരം രണ്ടുതവണ ലഭിച്ചു. മികച്ച ഫീച്ചറിന് മുംബൈ ലാഡ്‌ലി മീഡിയ പുരസ്‌കാരം, കേരള മീഡിയ അക്കാദമിയുടെ എന്‍.എന്‍.സത്യവ്രതന്‍ പുരസ്‌കാരം, സംസ്ഥാന കൃഷി വകുപ്പിന്റെ ഹരിതമുദ്ര അവാര്‍ഡ് (രണ്ടുതവണ), കൊച്ചിന്‍ രാജ്യാന്തര പുസ്തകോത്സവ സമിതിയുടെ ലീലാമേനോന്‍ പുരസ്‌കാരം (രണ്ടുതവണ), കണ്ണൂര്‍ സാന്ത്വനം ട്രസ്റ്റിന്റെ നെടുങ്ങാടി പുരസ്‌കാരം, കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് തേനേരി ഗോപാലന്‍-തങ്കം ദമ്പതികളുടെ മകനാണ്. കോഴിക്കോട് ഫറോക്ക് നല്ലൂര്‍ ഈസ്റ്റ് എയുപി സ്‌കൂള്‍ അധ്യാപിക സി.നമീതയാണ് ഭാര്യ. വിദ്യാര്‍ഥികളായ ടി.അനൈന, ടി.അലൈന എന്നിവരാണ് മക്കള്‍.

Leave a Comment

Your email address will not be published. Required fields are marked *