Timely news thodupuzha

logo

കേരളത്തിൽ അതിശക്തമായ ചൂട്: വളർത്തു മൃഗങ്ങൾക്കും കരുതൽ വേണമെന്ന് കാലാവസ്ഥാ വകുപ്പ്

പാലക്കാട്: ചൂട് ക്രമാതീതമായി മുന്നോട്ട് പോകുമ്പോൾ മനുഷ്യർക്കൊപ്പം മൃ​ഗങ്ങളും നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. കറവപ്പശുക്കൾ, ആട്, കോഴി, പലതരം പക്ഷികൾ, വളർത്തുനായ്ക്കൾ, പൂച്ചകൾ, അലങ്കാര മീനുകൾ തുടങ്ങിയ ജീവികൾ ഭീഷണിയിലാണ്.

നിർജലീകരണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ മൃഗങ്ങൾക്കിടയിൽ വ്യാപകമാണ്. ചൂട് വർധിച്ചതുമൂലം പക്ഷികളിലും മൃഗങ്ങളിലും വിശപ്പും പ്രതിരോധശേഷിയും കുറയും.

വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽനിന്ന് ധാതുലവണങ്ങൾ നഷ്ടമാകുന്നതിനാൽ വളർത്തുമൃഗങ്ങൾ ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ ഇടവരുത്തും.

വളർത്തു പക്ഷികളിലും പൂച്ചകളിലും നായ്ക്കളിലും വരണ്ട ചർമവും രോമം കൊഴിച്ചിലും കൂടുതലാകും. പക്ഷികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

മൃഗങ്ങൾ ശരീര താപനില കുറയ്ക്കാൻ ഒരു പരിധി വരെ സ്വയം മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും പക്ഷികൾക്ക് അതിനുള്ള കഴിവില്ല. ശരീര താപനില ഒരുഡിഗ്രി കൂടിയാൽ പോലും ഇവ കു​ഴഞ്ഞുവീഴാൻ സാധ്യത കൂടുതലാണ്.

1) പകൽ 11 മുതൽ മൂന്നുവരെ മൃഗങ്ങളെ മരത്തണലിലോ കൂടുകളിലോ സംരക്ഷിക്കുക, 2) കടുത്ത ചൂടുള്ളപ്പോൾ മൃഗങ്ങളെ കുളിപ്പിക്കരുത്, 3) പക്ഷികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക. കൂടുകളിൽ ഫാനും ​വെന്റിലേഷനും നൽകുക, 4) കൂടിന് മുകളിൽ ഓല, വൈക്കോൽ, നനഞ്ഞ ചാക്കുകൾ എന്നിവ ഇടുക. സൂര്യാതാപമേറ്റാൽ ഉടനെ വെള്ളം ഒഴിച്ച് നന്നായി നനയ്ക്കുക, 5) ധാരാളം വെള്ളം നൽകുക, 6) രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ഡോക്ടറുടെ ചികിത്സ തേടുക.

അമിതമായ ഉമിനീർ സ്രവം, വായ തുറന്നു ശ്വസിക്കൽ, തളർച്ച, ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ തുടങ്ങിയ സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. ഇവ കണ്ടാൽ ഉടൻ ചികിത്സ നൽകണമെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *