Timely news thodupuzha

logo

കുഞ്ഞുങ്ങളെ വെടിവച്ചു വീഴ്‌ത്തി ഇസ്രയേൽ, മൃതദേഹത്തിന് വിലപേശലും

വെസ്റ്റ്ബാങ്ക്: റംസാൻ നോമ്പ്‌ കാലം ആഘോഷിക്കുന്ന കുഞ്ഞുങ്ങളെയും വെടിവച്ചു വീഴ്‌ത്തി ഇസ്രയേൽ ക്രൂരത. കുഞ്ഞുങ്ങളുടെ മൃതദേഹത്തിനും വിലപേശി ഇസ്രയേൽ സേന.

റംസാൻ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഹ്‌ളാദിക്കുന്നതിനിടെയാണ്‌ കഴിഞ്ഞ ദിവസം റാമി ഹംദാൻ അൽ ഹൽഹുലിയെന്ന പന്ത്രണ്ടുകാരനെ ഇസ്രയേൽ സൈനികൻ വെടിവച്ച്‌ വീഴ്‌ത്തിയത്‌.

ചൊവ്വ രാത്രി ഷുഫാത്ത് അഭയാർഥി ക്യാമ്പ് ചെക്ക് പോയിന്റിന് സമീപമായിരുന്നു സംഭവം. അജ്ഞാത കേന്ദ്രത്തിലേക്ക്‌ മാറ്റിയ മൃതദേഹം അച്ഛനമ്മമാർക്ക്‌ വിട്ടു കൊടുക്കാനും ഇസ്രയേൽ സേന തയ്യാറായില്ല.

ഗാസയിൽ അഭയാർഥി കേന്ദ്രങ്ങളിൽ ഉൾപ്പെടെ വെടിവയ്‌പ്‌ തുടരുകയാണ്‌. കഴിഞ്ഞ ദിവസം നുസറേത്തിലും ബുറേജിയിലുമുള്ള ക്യാമ്പുകൾക്കു നേരെ നടന്ന വെടിവയ്‌പിൽ 17 പേർ കൊല്ലപ്പെട്ടു.

കഴിഞ്ഞ നാല്‌ വർഷത്തിനിടെ ലോകത്താകെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളേക്കാൾ കൂടുതൽ കുഞ്ഞുങ്ങൾ കഴിഞ്ഞ നാലു മാസം കൊണ്ട്‌ ഗാസയിൽ കൊല്ലപ്പെട്ടെന്ന്‌ യു.എൻ അഭയാർഥി ഏജൻസി കമീഷണർ ജനറൽ ഫിലിപ്പ് ലസാറിനി.

കഴിഞ്ഞ നാലു വർഷത്തിനിടെ കലാപങ്ങളിലും യുദ്ധങ്ങളിലുമായി ലോകത്ത്‌ ജീവൻ നഷ്ടമായത് 12,193 കുഞ്ഞുങ്ങൾക്കാണ്‌. എന്നാൽ, ഗാസയിൽ നാലു മാസത്തിനിടെ 12,300 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്നാണ്‌ പലസ്‌തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്‌.

ഗാസയ്‌ക്കെതിരായ ഇസ്രയേൽ സൈനിക നീക്കം തുടരവേ, കഴിഞ്ഞ ദിവസം തെക്കൻ ഗാസയിലെ യു.എൻ അഭയാർഥി ഏജൻസിയുടെ ഭക്ഷണ വിതരണ കേന്ദ്രത്തിനു നേരെയും ആക്രമണം നടന്നു. ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു. 22 പേർക്ക്‌ പരിക്കേറ്റു. ഗാസയിലെ യു.എൻ സംഘാംഗങ്ങളായ 165 പേർ ഇതിനകം കൊല്ലപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *