Timely news thodupuzha

logo

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്‌തു

വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. 2005 മുതല്‍ എട്ടുവര്‍ഷം കത്തോലിക്ക സഭയെ നയിച്ചു. ആധുനികാലത്ത് സ്ഥാനത്യാഗം ചെയ്ത ഏക മാര്‍പാപ്പായാണ്.

2005 – 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ്‌ 7ന്‌ സ്ഥാനമേറ്റു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്.

ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. ജോൺ പോൾ രണ്ടാമൻ്റെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ്‌ ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ,വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

എഴുപത്തെട്ടാം വയസിൽ മാർപ്പാപ്പയായ ബെനെഡ്കിട് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീൻ, ഗ്രീക്ക്‌, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌

Leave a Comment

Your email address will not be published. Required fields are marked *