Timely news thodupuzha

logo

ജെ.എൻ.യു തെരഞ്ഞെടുപ്പ്‌; ഇടതു സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇടതു സ്ഥാനാര്‍ത്ഥിയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡിഎസ്‌എഫിന്റെ സ്വാതി സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ച് രണ്ടു മണിക്കാണ് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കി കൊണ്ടുള്ള നോട്ടീസ് ലഭിച്ചതെന്ന് സ്വാതി പറഞ്ഞു.

അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയതില്‍ അട്ടിമറിയുണ്ടെന്ന്‌ ഇടത്‌ വിദ്യാർഥി സഖ്യം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജെഎന്‍യു തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലേന്ദ്ര കുമാറിന് സ്വാതി കത്ത് നല്‍കി.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും വീണ്ടും നോമിനേഷന്‍ സമര്‍പ്പിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് സ്വാതി കത്തില്‍ ആവശ്യപ്പെട്ടു.

അഞ്ചു വർഷമായി മുടങ്ങിക്കിടന്ന വിദ്യാർഥി യൂണിയൻ തെരെഞ്ഞെടുപ്പാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. 24ന്‌ ആണ്‌ വോട്ടെണ്ണൽ. എസ്‌എഫ്‌ഐ, ഐസ, എഐഎസ്‌എഫ്‌, ഡിഎസ്‌എഫ്‌ സംഘടനകൾ ഉൾപ്പെട്ട ഐക്യ ഇടത്‌ സഖ്യവും എബിവിപിയുമായാണ്‌ പ്രധാന മത്സരം.

7,751 വോട്ടർമാരാണുള്ളത്‌. ഇതിൽ പ്രസിഡൻറ് 45, വൈസ് പ്രസിഡൻറ് 43, ജനറൽ സെക്രട്ടറി 44, ജോയിൻ്റ് സെക്രട്ടറി 38, കൗൺസിലർ സ്ഥാനത്തേക്ക് 258 എന്നിങ്ങനെയാണ്‌ സ്വീകരിച്ച നാമനിർദേശ പത്രികകളുടെ എണ്ണം. ഇടത്‌ സഖ്യത്തിന്റെ പ്രസിഡന്റായി ഐസയുടെ ധനഞ്ജയ്‌ ആണ്‌ മത്സരിക്കുന്നത്‌.

വൈസ്‌ പ്രസിഡന്റായി എസ്‌എഫ്‌ഐയുടെ അവിജിത്‌, എഐഎസ്‌എഫിന്റെ സാജിത്‌ ജോയിന്റ്‌ സെക്രട്ടറി എന്നിങ്ങനെയാണ്‌ ജനറൽ സീറ്റുകളിലേയ്‌ക്കുള്ള ഉടത്‌ സ്ഥാനാർഥികൾ. ഉന്മേഷ്‌ ചന്ദ്ര അജ്‌മേരയാണ്‌ എബിവിപിയുടെ പ്രസിഡന്റ്‌ സ്ഥാനാർഥി.

ബുധൻ വൈകീട്ട്‌ നടന്ന സ്ഥാനാർഥി സംവാദത്തിൽ സ്ത്രീസുരക്ഷ, പുതിയ ഹോസ്റ്റൽ, ആരോഗ്യകേന്ദ്രം ആശുപത്രിയാക്കൽ, സ്‌കോളർഷിപ്പ് തുക വർധിപ്പിക്കൽ, ദളിത്‌ വിദ്യാർഥികളുടെ അവസരങ്ങൾ വർധിപ്പിക്കൽ തുടങ്ങിയവയാണ്‌ പ്രധാന ചർച്ചയായത്‌.

തെരഞ്ഞെടുപ്പ്‌ നീരീക്ഷകനായി റിട്ട. ഡൽഹി ഹൈക്കോടതി ജഡ്‌ജി വി. രാമസുബ്രഹ്മണ്യനെ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

ക്യാമ്പസിൽ തുടരെ സംഘർഷമുണ്ടാക്കി തെരെഞ്ഞെടുപ്പ്‌ വൈകിപ്പിക്കാനുള്ള എബിവപി ശ്രമങ്ങൾക്ക്‌ വിദ്യാർഥികൾ ബാലറ്റിലൂടെ മറുപടി നൽകുമെന്നാണ്‌ ഇടത്‌ സഖ്യത്തിന്റെ വിലയിരുത്തൽ.

സംഘപരിവാർ പിന്തുണയോടെ അക്രമങ്ങളിലൂടെ ക്യാമ്പസ്‌ പിടിച്ചെടുക്കാനുള്ള എബിവിപി ശ്രമങ്ങളെ മുൻവർഷങ്ങളിൽ വിദ്യാർഥികൾ ചെറുത്തുതോൽപ്പിച്ചിരുന്നു.

ക്യാമ്പസിൽ വൻ പൊലീസ്‌ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്‌. 2019ൽ എസ്‌എഫ്‌ഐയുടെ ഐഷി ഘോഷായിരുന്നു അവസാനം ജെഎൻയു പ്രസിഡന്റായത്‌.

Leave a Comment

Your email address will not be published. Required fields are marked *