Timely news thodupuzha

logo

സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്; റ്റി.എം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

ചെന്നൈ: പ്രശസ്ത സംഗീതജ്ഞൻ റ്റി.എം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാഷ്ട്രീയത്തിൽ മതം കലർത്തിയത്‌ പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരത്തിന്റെ പേരിൽ രാഷ്ട്രീയ വിവാദം ആവശ്യമില്ലെന്നും പറഞ്ഞു.

പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നത് തെറ്റാണ്. കൃഷ്ണയ്ക്കും അക്കാദമിയ്ക്കും അഭിനന്ദനമെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു.

മദ്രാസ് സം​ഗീത അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ റ്റി.എം കൃഷ്ണയ്ക്ക് ലഭിച്ചതിനു പിന്നാലെ അവാർഡ് നിർണയത്തിൽ പ്രതിഷേധവുമായി ഒരു വിഭാഗം കർണാടക സംഗീതജ്ഞർ രം​ഗത്തെത്തിയിരുന്നു.

റ്റി.എം കൃഷ്ണ അധ്യക്ഷനായതിനാൽ അക്കാദമി സമ്മേളനത്തിൽ നിന്ന് പിന്മാറുന്നെന്നും ഡിസംബർ 25ന് നടക്കാനിരിക്കുന്ന കച്ചേരിയിൽ പങ്കെടുക്കില്ലെന്നുമുള്ള ഇവരുടെ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ്‌ അക്കാദമിയുടെ പ്രതികരണം.

രഞ്ജിനി – ഗായത്രി, ശ്രീകൃഷ്ണ മോഹൻ – രാംകുമാർ മോഹൻ(തൃശൂർ ബ്രദേഴ്‌സ്), ഹരികഥാ വക്താക്കളായ ദുഷ്യന്ത് ശ്രീധർ, വിശാഖ ഹരി എന്നിവരാണ്‌ ഡിസംബറിൽ അക്കാദമി സംഘടിപ്പിക്കുന്ന ‘മാർഗഴി’ ഫെസ്റ്റിവലിൽ പങ്കെടുക്കില്ലെന്ന്‌ അറിയിച്ചത്‌.

സംഭവത്തിന് പിന്നാലെ രഞ്ജിനി – ഗായത്രി സഹോദരിമാർക്കെതിരെ രൂക്ഷ വിമർശനമാണ് മദ്രാസ് സം​ഗീത അക്കാദമിയും നടത്തിയത്. ആര്‌ എതിർത്താലും സംഗീത കലാനിധി അവാർഡ് റ്റി.എം കൃഷ്ണയ്ക്ക് നൽകുമെന്ന്‌ അക്കാദമി പ്രസിഡന്റ്‌ എൻ മുരളി പറഞ്ഞു.

മുതിർന്ന സംഗീതജ്ഞനെതിരായ അനാവശ്യവും അപകീർത്തികരവുമായ വിമർശനം ഞെട്ടിച്ചു. അവാർഡ് ലഭിക്കാത്തതിന്റെ നിരാശയാണ്‌ ഇതിന്റെയെല്ലാം അടിസ്ഥാനമെന്നും മുരളി പറഞ്ഞു.

കർണാടക സം​ഗീതത്തെ ജനകീയവത്കരിക്കാനും ഈ രം​ഗത്തെ ജാതിമേൽക്കോയ്മകളെ മറികടക്കാനുമുള്ള റ്റി.എം കൃഷ്ണയുടെ പ്രവർത്തനമാണ് പരമ്പരാ​ഗതശൈലി പിന്തുടരുന്ന സം​ഗീതജ്ഞരുടെ പ്രതിഷേധത്തിന് കാരണം.

ബ്രാഹ്മണർക്കെതിരെ പ്രവർത്തിച്ച പെരിയാറിനെപ്പോലുള്ളവരെ കൃഷ്ണ പ്രകീർത്തിച്ചു എന്നതാണ് രഞ്ജിനി – ഗായത്രി സഹോദരിമാർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.

കർണാടക സംഗീതത്തിന്റെ മൂല്യങ്ങളെ റ്റി.എം കൃഷ്ണ നശിപ്പിച്ചെന്നും സംഗീതത്തിലെ ആത്മീയതയെ നിരന്തരമായി അവഹേളിച്ചെന്നും ഇവർ സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *