Timely news thodupuzha

logo

മന്ത്രി അതിഷി മർലേനയെ ഇ.ഡി ചോദ്യം ചെയ്യും

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽപ്പെടുത്തി കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ ഇഡി അന്വേഷണം നടത്തും.

വിഷയത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ചോദ്യം ചെയ്യുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനത്തെ ജലവിതരണവും മലിനജല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ഉത്തരവാണ് കെജ്‌രിവാൾ ജയിലിൽ നിന്നും ഇറക്കിയത്.

മുഖ്യമന്ത്രിയുടെ ലെറ്റർ പാഡിൽ ജലവകുപ്പ്‌ മന്ത്രി അതിഷി മർലേനയ്‌ക്കാണ്‌ ഉത്തരവ്‌ നൽകിയത്‌. ചില പ്രദേശങ്ങളിൽ ജലവിതരണവും മലിനജല പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്ന് മനസ്സിലാക്കുന്നു.

താൻ ജയിലിലായെങ്കിലും ജനങ്ങൾ ഒരുതരത്തിലും ബുദ്ധിമുട്ടരുത്‌. വേനൽ അടുത്തതോടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ആവശ്യത്തിന് ടാങ്കറുകൾ ഉറപ്പാക്കണം.

ചീഫ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകണം. ആവശ്യമെങ്കിൽ ലെഫ്‌. ഗവർണറുടെ സഹായം തേടുക. അദ്ദേഹം നിരസിക്കില്ലെന്നും കെജ്‌രിവാൾ ഉത്തരവിൽ പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിലും തന്നെക്കുറിച്ചല്ല ഡൽഹിയിലെ ജനങ്ങളെക്കുറിച്ചാണ്‌ അദ്ദേഹത്തിന്റെ ചിന്തയെന്ന്‌ അതിഷി പ്രതികരിച്ചു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ കൈയിൽ ലഭിച്ചപ്പോൾ താൻ കരഞ്ഞു പോയെന്നും അവർ മാധ്യമങ്ങളോട്‌ പറഞ്ഞു. ശനി രാത്രിയാണ്‌ അതിഷിക്ക്‌ ഉത്തരവ്‌ ലഭിച്ചത്‌.

Leave a Comment

Your email address will not be published. Required fields are marked *