Timely news thodupuzha

logo

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്ന്‌ കോൺ​ഗ്രസ് പാർട്ടിയും നേതാക്കളും ഒളിച്ചോടുകയാണ്: മുഖ്യമന്ത്രി

മലപ്പുറം: രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ നിന്ന്‌ കോൺ​ഗ്രസ് പാർടിയും നേതാക്കളും ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

2019 ഡിസംബറിർ രണ്ടാം വാരത്തിലാണ് നിയമം പാസാക്കിയത്. ആ നിമിഷം തന്നെ രാജ്യമാകെ പലവിധത്തിലുള്ള പ്രക്ഷോഭങ്ങളുണ്ടായി. ഡിസംബർ 10ന് ജനങ്ങൾ തെരുവിലറിങ്ങി.

എന്നാൽ ആ ദിവസം കോൺ​ഗ്രസ് എംപിമാർ കോൺ​ഗ്രസ് അധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നു. ആരെയും പ്രതിഷേധത്തിൽ കണ്ടില്ല. കോൺ​ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് രാഹുൽ ​ഗാന്ധിയാകട്ടെ വിദേശത്തു പോയി.

ആത്മാർത്ഥതയോടെ നിലപാട് സ്വീകരിക്കാൻ കോൺ​ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ബഹുജന പ്രതിഷേധ റാലി മലപ്പുറം മച്ചിങ്ങൽ ബൈപ്പാസിന് സമീപം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമത്തിനെതിരെ 2019ൽ ഡൽഹിയിലുണ്ടായ അതിശക്തമായ പ്രക്ഷോഭത്തിൽ ഇടതുപക്ഷപാർടി നേതാക്കളെല്ലാം പങ്കെടുത്തു. സീതാറാം യെച്ചൂരി, ഡി രാജ, പ്രകാശ് കാരാട്ട്, ബ്രിന്ദാ കാരാട്ട്. ബിനോയ് വിശ്വം ഉൾപ്പെടയുള്ള നേതാക്കൾ അറസ്റ്റിലായി. എന്നാൽ ഒരു കോൺ​ഗ്രസുകാരെയും ആ വഴിക്ക് കണ്ടില്ല.

ലോക്‌സഭയിൽ കേരളത്തിൽ നിന്ന് എൽ.ഡി.എഫിന് ഒരു അം​ഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, പാർലമെന്റിൽ പൗരത്വ നിയമത്തിനെതിരെ ഉറച്ച ശബ്ദമുയർത്തിയത് ആ അം​ഗമാണ്.

രാജ്യസഭയിൽ എളരം കരീമും കെ.കെ രാ​ഗേഷും ബിനോയ് വിശ്വവുമെല്ലാം വലിയ എതിർപ്പ് കൊണ്ടു വന്നു. ബില്ല് വോട്ടിടിനടണമെന്ന് ആവശ്യപ്പെട്ടു. 2020 ജനുവരി ആയപ്പോൾ ഡൽഹിയിൽ ശക്തിപ്രാപിച്ച പ്രക്ഷോഭത്തിലും കോൺ​ഗ്രസ് നേതാക്കളെ കണ്ടില്ല.

ഇപ്പോൾ ചട്ടം വന്നപ്പോൾ കോൺ​ഗ്രസിന് ദേശീയ തലത്തിൽ നിലപാട് പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധി പൗരത്വ നിയമത്തെക്കുറിച്ച് മാത്രം ശബ്ദിച്ചില്ല.

കോൺ​ഗ്രസിന്റെ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയോട് മാധ്യമ പ്രവർത്തകർ പൗരത്വ നിയമത്തിലുള്ള പാർടിയുടെ നൽകിയത് നിലപാട് ചോദിച്ചപ്പോൾ ആലോചിച്ച് പറയാമെന്നാണ് മറുപടി നൽകിയത്.

ആ സമയം ഖാർ​ഗെയ്ക്കൊപ്പമുണ്ടായിരുന്ന സംഘടനാ ജനറൽ സെക്രട്ടറി വേണു​ഗോപാൽ ചിരിക്കുകയായിരുന്നു. കോടാനുകോടി ജനങ്ങൾ മനസിൽ തീതിന്നുന്ന ഘട്ടത്തിൽ അവരെ നോക്കിയാണ് കോൺ​ഗ്രസ് നേതാക്കൾ ചിരിച്ചത്.

കോൺ​ഗ്രസിനെപ്പോലെ അവ്യക്തത ഇടതുപക്ഷത്തിന് ഒരുഘട്ടത്തിലും ഉണ്ടായില്ല. സംഘപരിവാറിന്റെ വർ​ഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിൽ വിശ്വസിക്കാൻ കഴിയുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണ്. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിന്റെ മുൻ നിരയിൽതന്നെ എൽഡിഎഫ് സർ‍ക്കാരുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *