Timely news thodupuzha

logo

കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടായിരുന്നു

കോതമംഗലം: പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്.

നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളെജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. നായയുടെ ജഢമാണ് പരിശോധനക്ക് വിധേയമാക്കിയത്.

ഇതോടെ സംഭവത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചികിത്സ തേടിയവരേകൂടാതെ മറ്റാരെങ്കിലും നായയുമായി സമ്പര്‍ക്കമുണ്ടായവരുണ്ടെങ്കില്‍ അടിയന്തിരമായി അവര്‍ ചികിത്സ തേടണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ടോമി അഭ്യര്‍ഥിച്ചു.

അതുപോലെ വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിരിക്കാനുള്ള സാധ്യതയുണ്ട്.വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ സംശയം തോന്നുന്നവരുണ്ടെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ നല്‍കണം.

ആവശ്യമായ ചികിത്സാ സൗകര്യം നഗരസഭ ലഭ്യമാക്കും. കുത്തുകുഴി മുതല്‍ കോതമംഗലത്ത് കെ.എസ്.ആര്‍ടിസി ജംഗ്ഷന്‍ വരെയുള്ള ഭാഗത്തുവച്ച് പന്ത്രണ്ടുപേർക്ക് നായയുടെ കടിയേറ്റതായാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്.

ഇവരെല്ലാം ചികിത്സ തേടിയിരുന്നു. നായക്ക് പേവിഷ ബാധ സംശയിച്ചിരുന്നതിനാല്‍ ഇവര്‍ക്കെല്ലാം വിദഗ്ദ ചികിത്സയും ഉറപ്പാക്കിയിരുന്നു. കഴിഞ്ഞദിവസം രാമല്ലൂര്‍ തടത്തികവല ഭാഗത്ത് ഒരു പശു പേ വിഷബാധയുടെ ലക്ഷണം കാണിച്ചിരുന്നു.

ഇതേതുടര്‍ന്ന് പശുവിനെ കൊല്ലുകയും ചെയ്തു.തൊഴുത്തില്‍കെട്ടിയിരുന്ന പശുവാണ് പേ വിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. ശരീരത്തില്‍ നായ കടിച്ചതിന്‍റെ അടയാളങ്ങളുണ്ടായിരുന്നില്ല. പശുവിന്‍റെ പാല്‍വാങ്ങി കുടിച്ചവരും ഉടമയുടെ വീട്ടുകാരും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *