Timely news thodupuzha

logo

മാസപ്പടി കേസിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന നിലപാടിൽ നിന്നും പിന്മാറി മാത്യു കുഴൽനാടൻ.

കേസ് കോടതി നേരിട്ട് അന്വേഷിച്ചാൽ മതിയെന്നാണ് കുഴൽനാടൻ അറിയിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്‍റെ നിലപാട് മാറ്റം.

ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂവെന്ന് കോടതി കുഴല്‍നാടനോട് വാക്കാല്‍ ആവശ്യപ്പെട്ടു. കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് മാത്യു കുഴല്‍നാടന്‍ നിലപാട് മാറ്റിയത്.

കേസില്‍ കോടതിയുടെ നേരിട്ടുള്ള അന്വേഷണം മതിയെന്നാണ് മാത്യു കുഴല്‍നാടന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഈ നിലപാടു മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമായെന്നും, ഹര്‍ജി തള്ളണമെന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

തുടർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കേസ് ഈ മാസം 12 ലേക്ക് മാറ്റി. വിജിലൻസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ല. അതിനാൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ആരോപണങ്ങൾ വിജിലൻസ് നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ​ഹർജിയെ എതിർത്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *