Timely news thodupuzha

logo

ഗൗരവതരമായ പരാജയം ഭയന്ന് കോണ്‍ഗ്രസ് ഏത് കക്ഷികളുമായും കൂട്ടുകൂടുകയാണെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കോലീബിക്ക് ഒപ്പം എസ്.ഡി.പി.ഐയും കൂടിയെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.

പരാജയ ഭീതി മൂലമാണ് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിയ്ക്കുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഡി.പി.ഐ പിന്തുണയില്‍ ലീഗ് പ്രതികരിക്കുന്നില്ല. എസ്.ഡി.പി.ഐ പിന്തുണ വാങ്ങുന്നതിലും ഭേദം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞവര്‍ മിണ്ടുന്നില്ല.

നേരത്തേ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് ഈ സഖ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയെ തിരിച്ചു സഹായിയ്ക്കാമെന്നാണ് ധാരണ.

കോണ്‍ഗ്രസ് ഗൗരവതരമായ പരാജയം ഭയന്നാണ് ഏതു തരത്തിലുള്ള കക്ഷികളുമായും കൂട്ടുകൂടുന്നത്.വോട്ട് വാങ്ങുന്നത് അംഗീകാരമാണെന്നാണ് സുധാകരന്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ എസ്.ഡി.പി.ഐ ബി.ജെ.പിയ്ക്ക് ഒപ്പമാണ്. എ.ഐ.ഡി.എം.കെ മുന്നണിയിലാണ്. തമിഴ്‌നാട്ടില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയാണ്.

യു.ഡി.എഫിന് അവസരവാദ നിലപാടാണ്. സ്വന്തം കൊടി ഉപേക്ഷിയ്ക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസ് എത്തി. അവര്‍ എന്തും ഉപേക്ഷിയ്ക്കും.

രാഷ്ട്രീയ നിലപാടുകളും ഉപേക്ഷിയ്ക്കാന്‍ മടിയില്ലാത്തവരാണ്. മൃദു ഹിന്ദുത്വം കൊണ്ട് ബി.ജെ.പിയെ നേരിടാനാവില്ല എന്നവര്‍ക്ക് മനസിലായില്ല.

ഇലക്ടറല്‍ ബോണ്ടെന്നു പറയുന്നത് ഇലക്ഷന്‍ ഫണ്ടാണ്.കുത്തക കുടുംബങ്ങളുടെ കാശ് വാങ്ങി അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ബി.ജെ.പിയും കോണ്‍ഗ്രസും.

കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു. ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു. കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പിയക്ക് വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു.

ഇന്ത്യയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കേരളത്തില്‍ ബി.ജെ.പി ജയിക്കില്ല. ആര് കൂടിയാലും ആദ്യം ജയിക്കുന്ന മണ്ഡലം വടകരയാകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ ഞങ്ങള്‍ കോണ്‍ഗ്രസുമായി ഐക്യപ്രസ്ഥാനമല്ല. ബി.ജെ.പിയെ തോല്‍പ്പിയ്ക്കുക എന്നതാണ് ലക്ഷ്യം. കോണ്‍ഗ്രസ് വിശാല മുന്നണിയെ ഗൗരവമായി കാണുന്നില്ല, മഹാരാഷ്ട്ര ഉദാഹരണം.

കോണ്‍ഗ്രസ് രാജ്യത്ത് എവിടെയും ഇല്ല. മത്സരിയ്ക്കാന്‍ പറ്റുന്ന ഒരു സീറ്റ് പോലും ഇല്ലാഞ്ഞിട്ടാണ് വയനാട്ടില്‍ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് ബി.ജെ.പിയുമായാണ് മത്സരമെന്ന തരൂരിന്റെ പ്രസ്താവന പന്ന്യന്‍ രവീന്ദ്രന്‍ ജയിക്കുമ്പോള്‍ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *