Timely news thodupuzha

logo

റോഡിലെ കുഴിയും പൊടിയും താണ്ടി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട സാറ്മാരെ; റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ

കട്ടപ്പന: മുനിസിപ്പാലിറ്റി പരിധിയിലുള്ള ഇരുപതേക്കർ – തൊവരയാർ റോഡ് ആണ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുന്നത്. 15 വർഷമായി റോഡ് തകർന്ന് യാത്രാ ക്ലേശം സൃഷ്ടിച്ച് കിടക്കുകയാണ്.

തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ 25 ലക്ഷവും നഗരസഭ അംഗം 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ അല്ലാതെ റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക് എത്തിയില്ല.

റോഡിലെ ഗർത്തങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ പ്രദേശവാസികൾ പിരിവിട്ട് റോഡിലെ കുഴികൾ മണ്ണിട്ട് നികത്തിയെങ്കിലും ഇപ്പോൾ യാത്രാ ക്ലേശം രൂക്ഷമായിരിക്കുകയാണ്.

വാഹന യാത്രക്കാർക്കും പ്രദേശവാസികളും നിലവിൽ പൊടിയുടെ ശല്യത്തിൽ ആശുപത്രിയിൽ ആയിരങ്ങൾ ചിലവഴിക്കുകയുമാണ്. വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്ന റോഡ് നവീകരണത്തിനെതിരെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയത്.

നഗരസഭയിലെ മറ്റ് വിവിധ റോഡുകൾ നവീകരിക്കുമ്പോഴും ഈ പാതയോട് അധികൃതർ അവഗണന മാത്രമാണ് കാണിക്കുന്നത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്ന എളുപ്പ മാർഗം കൂടിയാണിത്.

എന്നാൽ നഗരസഭയുടെയും മറ്റ് അധികൃതരുടെയും ഭാഗത്തു നിന്ന് വാഗ്ദാനങ്ങൾ അല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. ഇതോടെ കാൽനട യാത്രക്കാരും ഏറെ ക്ലേശം സഹിക്കുകയാണ്.

ഓട്ടോറിക്ഷ ടാക്സി വാഹനങ്ങൾ പാടെ റോഡിനെ അവഗണിച്ചിരിക്കുകയാണ്. ഈ പാതയിലൂടെ യാത്ര ചെയ്താൽ വാഹനങ്ങൾക്ക് അടിക്കടി കേടുപാടുകൾ സംഭവിക്കുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. കൂടാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്.

റോഡിലെ കുഴിയും പൊടിയും താണ്ടി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട സാറ്മാരെ, എനിക്ക് പ്രഖ്യാപിക്കാൻ അല്ലേ അറിയൂ നടപ്പിലാക്കാൻ അറിയില്ലല്ലോ, രോഗികളും ഗർഭിണികളും വഴി തിരിഞ്ഞു പോകുക തുടങ്ങിയ വാചകങ്ങൾ എഴുതിയ ഫ്ലക്സ് ബോർഡുകളാണ് പാതയിൽ പ്രദേശവാസികൾ സ്ഥാപിച്ചിരിക്കുന്നത്.

റോഡിനോട് അവഗണന കാണിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ 300ഓളം കുടുംബങ്ങൾ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനം. ഒപ്പം റോഡിനോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ പാതയടിച്ച് പ്രതിഷേധിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *