Timely news thodupuzha

logo

കുഞ്ഞമ്മ മുത്തശ്ശിക്ക് നൂറ്റിയാറാം വയസ്സില്‍ വീട്ടില്‍ വോട്ട്

ഇടുക്കി: നൂറ്റിയാറാം വയസ്സില്‍ വീട്ടിലിരുന്ന് വോട്ടുചെയ്തതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കുഞ്ഞമ്മ മുത്തശ്ശി. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കുമായി അവരുടെ വീടുകളില്‍ ചെന്ന് വോട്ടു ചെയ്യിക്കുന്ന ഹോം പോളിംഗിന്റെ ഭാഗമായാണ് കുഞ്ഞമ്മ മുത്തശ്ശി വീട്ടില്‍ത്തന്നെ വോട്ടുരേഖപ്പെടുത്തിയത്.

ഇടുക്കി നീലിവയല്‍ വെട്ടിക്കാവുങ്കല്‍ സ്വദേശിയായ കുഞ്ഞമ്മ 114ാം നമ്പര്‍ സരസ്വതിവിദ്യാപീഠം സ്കൂള്‍ പാറക്കടവ് ബൂത്തിലെ 787ആം നമ്പര്‍ വോട്ടറാണ്.

വോട്ടു ചെയ്യിക്കാന്‍‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും വോട്ടിംഗ് നടപടിക്രമങ്ങള്‍ മനസ്സിലാക്കി. വോട്ടു രേഖപ്പെടുത്തിയ ബാലറ്റുപേപ്പര്‍ കവറിലാക്കി പെട്ടിയില്‍ നിക്ഷേപിച്ചു.

പ്രായത്തിന്റെ അവശതകള്‍ ഇല്ലാതെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായതിന്റെ സംതൃപ്തിയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു സെല്‍ഫി കൂടിയായപ്പോള്‍ സംഗതി ഉഷാര്‍!

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ആബ്സന്റി വോട്ടര്‍മാരുടെ വോട്ടെടുപ്പ് ഇന്ന് (15.04.2024) ആരംഭിച്ചു. ലോക്സഭാ മണ്ഡലത്തിനു കീഴില്‍വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേകം നിയോഗിക്കപ്പെട്ട പോളിംഗ് ടീമാണ് പ്രായമായവരുടെയും അംഗപരിമിതരുടെയും വീടുകള്‍ സന്ദര്‍ശിച്ച് ബാലറ്റ് പേപ്പര്‍ നല്‍കി വോട്ടു രേഖപ്പെടുത്തുന്നത്.

മുന്‍കൂട്ടി തയ്യാറാക്കിയ പട്ടികയില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് അംഗീകരിച്ച വോട്ടര്‍മാര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *