Timely news thodupuzha

logo

മോദിയുടെ ഗ്യാരന്റി രാജ്യം ഛിന്നഭിന്നം ആക്കുമെന്നത് ആണെന്ന് സീതാറാം യെച്ചൂരി

വടകര: മോദിയുടെ ഗ്യാരന്റി രാജ്യത്തെ ഛിന്നഭിന്നമാക്കുമെന്നതിന്റെ ഗ്യാരന്റിയാണെന്ന്‌ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

വടകരയിലെയും ഉള്ള്യേരിയിലെയും എൽ.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ താങ്ങി നിർത്തുന്ന തൂണുകളെല്ലാം തകരുന്നു.

നാനൂറിലധികം സീറ്റ്‌ കിട്ടിയാൽ ഭരണഘടന മാറ്റുമെന്നുവരെ പ്രഖ്യാപിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും അഴിമതിയിൽ മുങ്ങിയ സർക്കാരാണ്‌ കേന്ദ്രത്തിലുള്ളത്‌. അഴിമതിക്കാരുടെ നേതാവായി മോദി മാറി.

അഴിമതിയില്ലാതാക്കുമെന്ന്‌ വാഗ്‌ദാനം നൽകിയവർ ഇലക്‌ടറൽ ബോണ്ട്‌ വഴി അഴിമതി നിയമവിധേയമാക്കി. ബോണ്ട്‌ നൽകിയാൽ വിമാനത്താവളവും തുറമുഖവും തരാമെന്ന്‌ പറഞ്ഞും കൊള്ള നടത്തി.

അഴിമതിക്ക്‌ ജയിലിലാകേണ്ട നിരവധി നേതാക്കളാണ്‌ ബി.ജെ.പിയിൽ ചേർന്നതിനാൽ മാത്രം രക്ഷപ്പെട്ടത്‌. മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ ഫാസിസ്റ്റ്‌ ഹിന്ദുത്വ രാഷ്‌ട്രമാക്കണമെങ്കിൽ ഫെഡറലിസം ഇല്ലാതാക്കണം.

അതിനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. എല്ലാം കേന്ദ്രീകൃതാധികാരത്തിലേക്ക്‌ നീക്കാൻ നോക്കുകയാണ്‌. അതിനായി ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ തുടങ്ങിയ മുദ്രാവാക്യങ്ങൾ കൊണ്ടുവന്നു.

പതുക്കെ ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു നേതാവ്‌ എന്നാകും. കേരളത്തിലെത്തിയ മോദി പറഞ്ഞത്‌ ഇവിടെ വികസനമില്ലെന്നാണ്‌. കേന്ദ്രത്തിന്റെ നിതി ആയോഗിന്റെ കണക്ക്‌ പ്രകാരമുള്ള മാനവ വികസന സൂചികകളിലെല്ലാം കേരളം ഒന്നാമതാണ്‌.

എന്നാൽ ബി.ജെ.പിയുടെ ഗുജറാത്തും യു.പിയുമെല്ലാം വളരെ പിന്നിലാണ്‌. ഒടുവിൽ പുറത്തുവന്ന ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ ഭീകര സ്വേച്ഛാധിപത്യ നാടെന്ന വിശേഷണത്തിലേക്ക്‌ കൂപ്പുകുത്തി.

ശക്തമായ ഇടതുപക്ഷമുണ്ടെങ്കിലേ മെച്ചപ്പെട്ട ജനപക്ഷ ബദൽ നയങ്ങൾ രാജ്യത്ത്‌ നടപ്പിലാകൂ. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത്‌ നാമത്‌ കണ്ടതാണെന്നും യെച്ചൂരി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *