Timely news thodupuzha

logo

നിമിഷപ്രിയയുടെ മോചനം; അമ്മ യമനിലേക്ക്‌

കൊച്ചി: യമനിലെ ജയിലിൽ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി(മേരിയമ്മ) നാളെ യമനിലേക്ക്‌ യാത്രയാകുന്നു.

പുലർച്ചെ 5.30നുള്ള ഇൻഡിഗോ വിമാനത്തിൽ തിരുനെൽവേലി സ്വദേശി സാമുവൽ ജെറോമിനൊപ്പം മുംബൈയിലേക്കും അവിടെ നിന്ന്‌ വൈകിട്ട്‌ 5.30നുള്ള യമനിയ എയർലൈൻസിൽ യമനിലേക്കും പോകും.

യമനിൽ ഫെലിക്‌സ്‌ എയർവേയ്‌സ്‌ സി.ഇ.ഒയായ സാമുവൽ ജെറോമാണ്‌ പ്രേമകുമാരിയുടെ പവർ ഓഫ്‌ അറ്റോർണി. മകളുടെ അടുത്തേക്ക്‌ പോകുന്നതിൽ സന്തോഷമുണ്ടെന്നും ആക്‌ഷൻ കൗൺസിലിനും മാധ്യമപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും പ്രേമകുമാരി പ്രതികരിച്ചു.

നിമിഷപ്രിയയെ അമ്പത്തേഴുകാരിയായ അമ്മ പ്രേമകുമാരി കണ്ടിട്ട്‌ 11 വർഷമായി. കിഴക്കമ്പലത്തെ വീട്ടിൽ സഹായിയായി നിൽക്കുകയാണ്‌ ഇപ്പോൾ പ്രേമകുമാരി.

തലാൽ അബ്ദുൾ മഹ്ദിയെന്ന യമനിയെ നിരന്തരമായ ആക്രമം സഹിക്ക വയ്യാതെ അവിടെ നഴ്‌സായിരുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷപ്രിയ കൊന്നുവെന്നാണ് കേസ്.

2020ൽ സനായിലെ വിചാരണ കോടതി നിമിഷയ്‌ക്ക്‌ വധശിക്ഷ വിധിച്ചു. 2023 നവംബറിൽ യമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ നൽകിയ അപ്പീലും നിരസിച്ചു.

‘ദിയാധനം’(കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്‌ നൽകുന്ന തുക) നൽകിയാൽ മോചിപ്പിക്കാമെന്ന മാർഗമാണ്‌ ഇനി ബാക്കിയുള്ളത്‌. യമനിലെ ആഭ്യന്തര സംഘർഷംമൂലം 2017 മുതൽ ഇന്ത്യക്കാർ യമനിലേക്ക്‌ യാത്രചെയ്യുന്നതിന്‌ വിലക്കുണ്ട്‌.

‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിൽ’ ഇടപെട്ടതിനെ തുടർന്ന്‌ സർക്കാരിന് ബാധ്യതയില്ലാതെ യമനിലേക്ക് യാത്രചെയ്യാമെന്ന് സത്യവാങ്ങ്മൂലം സമർപ്പിച്ചാണ്‌ പ്രേമകുമാരി യാത്രയ്‌ക്കൊരുങ്ങുന്നത്‌. മോചനത്തിനായി മലയാളികളിൽ നിന്ന്‌ ധനശേഖരണം നടത്താനുള്ള തീരുമാനത്തിലാണ്‌ ആക്‌ഷൻ കൗൺസിൽ.

Leave a Comment

Your email address will not be published. Required fields are marked *